കൊവിഡ് 19; എത്രയും വേഗം നിയന്ത്രിക്കണം, ഇല്ലെങ്കില്‍ യുഎസില്‍ 22 ലക്ഷവും ബ്രിട്ടനില്‍ അഞ്ച് ലക്ഷം പേരുടെയും ജീവന്‍ എടുക്കും; ഞെട്ടിച്ച് പുതിയ പ്രവചനം

ലണ്ടന്‍: കൊവിഡ് 19, അമേരിക്കയില്‍ 22 ലക്ഷം പേരുടെയും ബ്രിട്ടനില്‍ അഞ്ച് ലക്ഷം പേരുടെയും ജീവന്‍ എടുക്കുമെന്ന് ബ്രിട്ടീ് ഏജന്‍സിയുടെ പഠനം. വൈറസിനെ തടയാന്‍ കൃത്യമായ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കൊവിഡ് 19 മൂലം അമേരിക്കയില്‍ 22 ലക്ഷവും ബ്രിട്ടനില്‍ അഞ്ച് ലക്ഷവും മരണം സംഭവിക്കുമെന്നാണ് പഠന ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

ലണ്ടനിലെ ഇംപീരിയല്‍ കോളജ് മാത്തമാറ്റിക്കല്‍ ബയോളജി പ്രൊഫസര്‍ നീല്‍ ഫെര്‍ഗൂസണിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകള്‍ വ്യക്തമാക്കിയത്. ആഗോള വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം പുറത്ത് വിട്ടത്. പ്രധാനമായും ഇറ്റലിയില്‍നിന്നുള്ള കണക്കുകളെ അടിസ്ഥാനമാക്കിയാണ് ബ്രിട്ടീഷ് ഏജന്‍സി ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

1981 ലെ പകര്‍ച്ചപ്പനിയുമായി കൊവിഡ് 19നെ താരതമ്യം ചെയ്തുകൊണ്ടാണ് പഠനം നടത്തിയിരിക്കുന്നത്. നിലവില്‍ കൃത്യമായ മുന്‍കരുതല്‍ നടപടികള്‍ എടുത്തില്ലെങ്കില്‍ അമേരിക്കയില്‍ 22 ലക്ഷം പേരും ബ്രിട്ടനില്‍ അഞ്ചു ലക്ഷം പേരും മരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബ്രിട്ടനില്‍ ഇതിനകം 55,000 പേര്‍ക്ക് കൊറോണ രോഗം ബാധിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സര്‍ പാട്രിക് വാലന്‍സിന്റെ വിലയിരുത്തുന്നത്.

ഇതില്‍ 20,000 പേര്‍ വരെ മരണമടഞ്ഞേക്കാമെന്നും വാലന്‍സ് പറഞ്ഞു. റിപ്പോര്‍ട്ട് ശ്രദ്ധയില്‍ പെട്ടതിനു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി. ക്ലബുകളും തീയ്യേറ്ററുകളും അടച്ചിടാന്‍ ബ്രിട്ടന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. കൂടാതെ ജനങ്ങളുടെ എല്ലാ തരത്തിലുള്ള ഒത്തുചേരലുകളും സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്.

Exit mobile version