മോസ്കോ: അമ്മ മരിച്ചതറിയാതെ ഒരുവയസ്സുകാരി മൃതദേഹത്തെ കെട്ടിപ്പിടിച്ച് കിടന്നത് രണ്ട് ദിവസം. റഷ്യയിലെ മോസ്കോയിലെ മൊസായ്സ്കിയിലായിരുന്നു കരളലിയിപ്പിക്കുന്ന സംഭവം നടന്നത്. എകാതെറീന ടെല്ക്കിന(27) എന്ന യുവതിയാണ് ആണ്‍സുഹൃത്തിന്റെ മര്‍ദ്ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടത്. എന്നാല്‍ അമ്മയുടെ മരണവിവരം കുഞ്ഞ് ഇവ അറിഞ്ഞില്ല.
ഒരുവയസ്സുകാരിയായ മകളോടൊപ്പമാണ് ടെല്ക്കിന ഫ്ളാറ്റില്‍ താമസിച്ചിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഫ്ളാറ്റിലെ മുറിയില്‍ ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫോണ്‍ വിളിച്ചിട്ടും മൊബൈലില്‍ സന്ദേശമയച്ചിട്ടും ടെല്ക്കിനയുടെ പ്രതികരണം ലഭ്യമാകാതിരുന്നതോടെ ബന്ധു ഫ്ളാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.
ഫ്ളാറ്റിലെത്തിയ ബന്ധുവിനെ തളര്‍ത്തിയത് ടെല്ക്കിനയുടെ മരണം മാത്രമായിരുന്നില്ല, മൃതദേഹത്തെ കെട്ടിപ്പിടിച്ച് കിടക്കുകയായിരുന്ന ഇവയുടെ കാഴ്ചയുമായിരുന്നു. രണ്ടുദിവസമായി ഭക്ഷണം പോലും കഴിക്കാതെ അവശനിലയിലായിരുന്നു ഒരുവയസ്സുകാരി. ഇയാള്‍ ഉടന്‍ തന്നെ വിവരം പോലീസില്‍ അറിയിക്കുകയും കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവില്‍ കുഞ്ഞ് ബന്ധുക്കളുടെ പരിചരണത്തിലാണെന്നുമാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അതേസമയം, ടെല്ക്കിനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്തായ 39 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.എന്നാല്‍ ടെല്ക്കിനയും പ്രതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പോലീസ് കൂടുതല്‍ വിശദീകരിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
Discussion about this post