കൊവിഡ് 19; ഇറ്റലിയില്‍ മരണസംഖ്യ രണ്ടായിരം കവിഞ്ഞു, ഇന്നലെ മാത്രം മരിച്ചത് 345 പേര്‍

റോം: ഇറ്റലിയില്‍ കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം വര്‍ധിച്ചു. ഇന്നലെ മാത്രം 345 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 2503 ആയി. ചൈനയ്ക്ക് പുറമെ വൈറസ് ബാധ ഏറ്റവും സാരമായി ബാധിച്ചത് ഇറ്റലിയെയാണ്. ഇതുവരെ 31,506 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

അതേസമയം ലോകത്ത് കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7965 ആയി. നൂറിലധികം രാജ്യങ്ങളിലായി 1,98,178 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കുന്നതിനായി അമേരിക്ക സൈനികരെ ഇറക്കിയിരിക്കുകയാണ്. അടിയന്തിര സാഹചര്യം നേരിടാന്‍ അമ്പത് ലക്ഷം മാസ്‌ക്കുകള്‍ തയ്യാറാക്കാന്‍ പ്രതിരോധ വകുപ്പ് യുഎസ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സമ്പര്‍ക്കവിലക്ക് കര്‍ശനമാക്കിയില്ലെങ്കില്‍ അമേരിക്കയില്‍ പത്തു ലക്ഷവും ബ്രിട്ടനില്‍ രണ്ടര ലക്ഷം പേരും മരിക്കുമെന്നാണ് ലണ്ടനിലെ ഇന്‍പീരിയല്‍ കോളേജിലെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇന്ത്യയില്‍ ഇതുവരെ 137 പേര്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് വൈറസ് രണ്ടാം ഘട്ടത്തിലേക്ക് കടന്നുവെന്ന് ഐസിഎംആര്‍ അറിയിച്ചു. മൂന്ന് പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്.

Exit mobile version