ലോകത്താകമാനം കൊറോണ ബാധിതരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു; കടുത്ത നിയന്ത്രണങ്ങൾ

റോം: കൊറോണ ഭയത്തിൽ കഴിയുന്ന ലോകരാഷ്ട്രങ്ങൾക്ക് വീണ്ടും ആശങ്ക പകർന്ന് രോഗബാധിതരുടെ എണ്ണം വർധിക്കുന്നു. ലോകത്താകെ കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു. ആകെ 1,56,588 പേർക്ക് രോഗം ബാധിച്ചു, 5836 പേർ മരിച്ചു എന്നാണ് കണക്കുകൾ. ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം കുത്തനെ കൂടിയതോടെയാണ് വളരെ വേഗത്തിൽ ഒന്നരലക്ഷം രോഗികളെന്ന കണക്കിലേക്ക് എത്തിയത്.

ചൈനയ്ക്കും ഇറാനും പിന്നാലെ കോവിഡ് 19 ഏറ്റവും ഭീതി വിതയ്ക്കുന്നത് യൂറോപ്പിലാണ്. ഇവിടെ മരണം കൂടിയതോടെ ഇറ്റലിയും ഫ്രാൻസും സ്‌പെയിനും നിയന്ത്രങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. ചൈന കഴിഞ്ഞാൽ ഏറ്റവുമധികം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഇറ്റലിയിൽ മരണ സംഖ്യ 1441 ആയി ഉയർന്നിരിക്കുകയാണ്. രോഗബാധിതരുടെ എണ്ണം 21,157 ആയും വർധിച്ചു. കഴിഞ്ഞദിവസം കൂടുതൽ മരണങ്ങൾ സംഭവിച്ചതോടെ സ്‌പെയിനിൽ ആകെ മരണസംഖ്യ 191 ഉം ഫ്രാൻസിൽ 91 ഉം ആയി.

സ്‌പെയിനിലും ഫ്രാൻസിലും മരുന്ന് കടകളും അവശ്യസാധന കേന്ദ്രങ്ങളുമൊഴികെ മറ്റെല്ലാ കച്ചടങ്ങളും വിലക്കി. ജോലിക്കും ഭക്ഷ്യസാധനങ്ങൾ വാങ്ങാനുമല്ലാതെ പുറത്തിറങ്ങാൻ സ്‌പെയിനിൽ അനുവാദമില്ല. ജനങ്ങൾ പരമാവധി വീടുകളിൽ തുടരണമെന്ന് ഫ്രാൻസും അറിയിച്ചു. ദേശീയ അടിയന്താരവസ്ഥ പ്രഖ്യാപിച്ച അമേരിക്കയിൽ പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തില്ലെങ്കിലും രോഗബാധിതരുടെ എണ്ണം 2226 ആയി കൂടി. യുകെയിൽ മരണ സംഖ്യഉയർന്നതും ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ 10 പേർ മരിച്ചതോടെ യുകെയിൽ കോവിഡ് മരണനിരക്ക് 21 ആയി.

Exit mobile version