മോഡിയുടെ അഭ്യർത്ഥന തള്ളാതെ പാകിസ്താൻ; കൊറോണയ്‌ക്കെതിരെ സാർക്ക് രാജ്യങ്ങൾ ഒറ്റക്കെട്ട്; വീഡിയോ കോൺഫറൻസിൽ പങ്കെടുക്കും

ഇസ്ലാമാബാദ്: കോവിഡ് 19 രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വൈറസിനെതിരെയുള്ള പോരാട്ടത്തിനായി സാർക്ക് രാജ്യങ്ങൾ വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തും. ഈ ആശയം മുന്നോട്ട് വെച്ച് അഭ്യർത്ഥനയുമായി രംഗത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സ്വാഗതം ചെയ്ത് പാകിസ്താൻ. ആഗോളതലത്തിലും പ്രാദേശിക തലത്തിലും ഏകോപനം വേണ്ടതിന്റെ ആവശ്യകത അംഗീകരിച്ച് വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുമെന്ന് പാകിസ്താൻ അറിയിച്ചു.

പാകിസ്താൻ വിദേശകാര്യ മന്ത്രാലയ വക്താവ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രത്യേക ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ടെന്നാണ് പാകിസ്താൻ അറിയിച്ചത്.

കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന് ശക്തമായ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കാൻ സാർക്ക് രാജ്യങ്ങളോട് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസമാണ് ട്വീറ്റ് ചെയ്തത്. ഈ തന്ത്രങ്ങൾ വീഡിയോ കോൺഫറൻസിങിലൂടെ ചർച്ചചെയ്യാമെന്നും സാർക്ക് രാജ്യങ്ങൾ ഒന്നിച്ചുവരുന്നത് ലോകത്തിന് ഒരു മാതൃകയാണെന്നും മോഡി അഭിപ്രായപ്പെട്ടിരുന്നു. ആഗോള ജനസംഖ്യയുടെ ഗണ്യമായ പങ്കുള്ള ദക്ഷിണ ഏഷ്യ, ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുന്നതിന് സാധ്യമായ എല്ലാ വഴികളും തേടണമെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു. നോവൽ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ സർക്കാർ വിവിധ തലങ്ങളിൽ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, പാകിസ്താൻ ഒഴികെയുള്ള മറ്റു സാർക്ക് രാജ്യങ്ങൾ പ്രധാനമന്ത്രിയുടെ നിർദേശത്തെ നേരത്തെ സ്വാഗതം ചെയ്തിരുന്നു.

Exit mobile version