വാഷിംഗ്ടണ്‍: കൊറോണ പേടിയില്‍ വീട്ടിലിരുന്ന് ജോലി ചെയ്ത് ഇവാങ്ക ട്രംപ്. കഴിഞ്ഞയാഴ്ച ട്രംപും കുടുംബവും ഓസ്‌ട്രേലിയന്‍ ആഭ്യന്തരമന്ത്രി പീറ്റര്‍ ഡട്ടനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ പീറ്ററിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് കൊറോണ പേടിയില്‍ ഇവാങ്ക ട്രംപ് വീട്ടിലിരുന്ന് ജോലി ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ പരിശോധന നടത്തിയെങ്കിലും കൊറോണയില്ലെന്നാണ് ഫലത്തില്‍ പറയുന്നത്. എങ്കിലും മുന്‍കരുതലെന്നോണമാണ് ഈ നടപടി.
ഇവര്‍ക്ക് രോഗത്തിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ആഭ്യന്തരമന്ത്രി പീറ്റര്‍ ഡട്ടണ്‍ പരിശോധിനാ ഫലത്തില്‍ കൊറോണ പോസിറ്റീവ് ആയിരുന്നു. മാത്രമല്ല, ആശയവിനിമയ സമയത്ത് അദ്ദേഹത്തിന് രോഗ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വൈറ്റ് ഹൗസില്‍ മെഡിക്കല്‍ യൂണിറ്റും സജ്ജമാക്കിയിട്ടുണ്ട്. ഡട്ടനെ കണ്ടുമുട്ടിയ അറ്റോര്‍ണി ജനറല്‍ വില്യം ബാറിനും രോഗലക്ഷണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കുന്ന ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ കൊവിഡ് 19 പരിശോധനകള്‍ക്ക് വിധേയമായിട്ടുണ്ടോ എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് വൈറ്റ് ഹൗസില്‍ നിന്നും പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്. അമേരിക്കന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പ് രോഗനിര്‍ണയം സ്ഥിരീകരിക്കുന്നതിനായി കൂടുതല്‍ പരിശോധന നടത്തുകയാണെന്ന് ബ്രസീല്‍ വക്താക്കള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ ട്രംപ് കൂടിക്കാഴ്ച നടത്തിയ ലോക രാജ്യങ്ങളിലെ അധികാരികളിലും ഉദ്യോഗസ്ഥരിലും പിന്നീട് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് വൈറ്റ് ഹൗസ് കൂടുതല്‍ ജാഗ്രതാ നടപടികള്‍ സ്വീകരിക്കുന്നത്