കൊവിഡ് 19; ഇറ്റലിയില്‍ മരണസംഖ്യ ആയിരം കവിഞ്ഞു, 12839 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

റോം: ഇറ്റലിയില്‍ കൊവിഡ് 19 വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ഇതുവരെ 1016 പേരാണ് വൈറസ് ബാധമൂലം ഇറ്റലിയില്‍ മരിച്ചത്. 12839 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യത. രോഗം ആദ്യം സ്ഥിരീകരിച്ച ചൈനയ്ക്ക് പുറമെ വൈറസ് ബാധ സാരമായി ബാധിച്ചത് ഇറ്റലിയെയാണ്.

അതേസമയം ഇറ്റലിയില്‍ കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സര്‍ക്കാര്‍. രോഗം ചെറുക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ ഉണ്ടായിട്ടും ഐസൊലേറ്റ് ചെയ്യാന്‍ തയ്യാറാകാത്തവര്‍ക്കെതിരെയും നിയമം ലംഘിക്കുന്നവര്‍ക്കെതിരെയും മനഃപ്പൂര്‍വം വൈറസ് പരത്താന്‍ ശ്രമിച്ചെന്ന കുറ്റമാണ് ചുമത്തുക. ആറ് മുതല്‍ 36 മാസം വരെ തടവ് ശിക്ഷയും ലഭിക്കും. അശ്രദ്ധമൂലം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തത് കാരണം രോഗം പരത്തി ആരുടെയങ്കിലും മരണത്തിന് ഉത്തരവാദിയായാല്‍ 21 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന നരഹത്യ കുറ്റവും ചുമത്തും. രാജ്യത്ത് പലരും സ്വയം ഐസൊലേഷന് തയ്യാറാകുന്നില്ലെന്ന ആരോഗ്യപ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു കടുത്ത നിയമ നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്.

ഇതുവരെ 110 രാജ്യങ്ങളിലാണ് കൊവിഡ് 19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്താകമാനമായി 4600 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. 125,000 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

Exit mobile version