റോം: ഇറ്റലിയെ ഭീതിയിലാഴ്ത്തി കൊവിഡ് 19 വൈറസ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 168 പേരാണ് ഇറ്റലിയില്‍ വൈറസ് ബാധ മൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 631 ആയി. പതിനായിരത്തിലധികം പേര്‍ക്കാണ് നിലവില്‍ ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആഗോള തലത്തില്‍ നാലായിരത്തിലധികം ആളുകളാണ് വൈറസ് ബാധമൂലം മരിച്ചത്. അതേസമയം തുര്‍ക്കിലും ആദ്യ കൊവിഡ് 19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതായി തുര്‍ക്കി ആരോഗ്യമന്ത്രി അറിയിച്ചു.
ഇന്ത്യയില്‍ ഇതുവരെ 55 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേരളത്തില്‍ പതിനാല് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേക്ക് യാത്രകള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി. രോഗം സ്ഥിരീകരിച്ച ചൈന, ഹോങ്കോങ്, സൗത്ത് കൊറിയ, ജപ്പാന്‍, ഇറ്റലി അടക്കമുള്ള രാജ്യങ്ങളില്‍ യാത്രകള്‍ നടത്തിയവര്‍ 14 ദിവസത്തേക്ക് സ്വയം കരുതല്‍ സംരക്ഷണയില്‍ തുടരണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.