മനാമ: ചൈനയ്ക്ക് പുറമെ ദക്ഷിണ കൊറിയയേയും ഇറാനേയും ഇറ്റലിയേയും തരിപ്പണമാക്കി കൊറോണ പടരുന്നു. ഗൾഫ് മേഖലയിലും വലിയ ആശങ്കയാണ് കോവിഡ് 19 രോഗം സൃഷ്ടിച്ചിരിക്കുന്നത്. ബഹ്റൈൻ, ഖത്തർ, സൗദി, യുഎഇ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം രോഗ ബാധിതരുടെ എണ്ണം വർധിച്ചു. ഇറാനിൽ 7,161 പേർക്കാണ് ഇതുവരെ കോവിഡ്-19 ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാനിൽ ഇതുവരെ 237 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 43 പേരാണ് ഇറാനിൽ മരിച്ചത്.
രാജ്യത്ത് കൊറോണ വൈറസ് പടരുന്ന പാശ്ചാത്തലത്തിൽ 70,000 തടവുകാരെ ഇറാൻ താൽക്കാലികമായി വിട്ടയച്ചതായി ഇറാൻ ജുഡീഷ്യറി മേധാവി ഇബ്രാഹിം റെയ്സിയെ ഉദ്ധരിച്ച് ജുഡീഷ്യറി വാർത്താ സൈറ്റായ മിസാൻ റിപ്പോർട്ട് ചെയ്തു. സൗദിയിൽ അമേരിക്കൻ പൗരനടക്കം പുതുതായി നാലു പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 15 ആയി. പുതിയ രോഗികളിൽ രണ്ടു പേർ ബഹ്റൈനികളും ഒരാൾ സ്വദേശിയുമാണ്.
അമേരിക്കക്കാരൻ ഫിലിപ്പൈൻസും ഇറ്റലിയും സന്ദർശിച്ച ശേഷമാണ് സൗദിയിൽ എത്തിയത്. രോഗ ബാധിതരെല്ലാം ഐസൊലേഷൻ വാർഡുകളിലാണ് കഴിയുന്നത്.
സൗദിയിൽ പ്രവേശന കവാടങ്ങളിൽ ശരിയായ ആരോഗ്യ വിവരം നൽകാത്ത യാത്രക്കാർക്കു അഞ്ച് ലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈറ്റിൽ പതുതായി മൂന്നു പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതർ 65 ആയി. 300 കുവൈറ്റുകാരെ ഈജിപ്തിൽനിന്ന് ഒഴിപ്പിച്ചു.
Discussion about this post