റോം: കൊവിഡ് 19 വൈറസ് ബാധമൂലം ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 463 ആയി. ഇതുവരെ 9000 ലേറെ പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇറ്റലി പൂര്‍ണമായും അടച്ചതായി പ്രധാനമന്ത്രി ജുസെപ്പെ കോന്തെ അറിയിച്ചു. രാജ്യത്ത് പൊതുപരിപാടികള്‍ക്ക് പൂര്‍ണമായും വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മരണസംഖ്യ കൂടിയതോടെ ഇറ്റലിയില്‍ യാത്രാ നിരോധനവും പ്രഖ്യാപിച്ചു. ചൈനയ്ക്ക് പുറത്ത് കൊവിഡ് 19 വൈറസ് കൂടുതലായി ബാധിച്ചത് ഇറ്റലിയെയാണ്. രോഗം പിടിപെടുന്നവരുടെ എണ്ണത്തില്‍ 24 ശതമാനം വര്‍ധനയാണ് ഉണ്ടായത്. മരണ സംഖ്യ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്.
ഇതുവരെ നൂറിലധികം രാജ്യങ്ങളിലാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ലോകമാകെയുള്ള വൈറസ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തി ആറായിരം കടന്നു. ബ്രിട്ടണില്‍ കൊവിഡ് 19 ബാധിച്ച് അഞ്ച് പേരാണ് മരിച്ചത്. അതേസമയം രോഗം ആദ്യം സ്ഥിരീകരിച്ച ചൈനയില്‍ രോഗം ബാധിച്ചവരില്‍ 70 ശതമാനം പേരും സുഖം പ്രാപിച്ചതായി ലോകാരോഗ്യസംഘടന അറിയിച്ചു.