റിയാദ്: സൗദി അറേബ്യയില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സൗദി അറേബ്യയില്‍ രോഗബാധിതരുടെ എണ്ണം 11 ആയി. ഒരേ മേഖലയില്‍ നിന്നുള്ളവരാണ് രോഗം ബാധിച്ച പതിനൊന്ന് പേരും. കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ നിന്നുള്ളവരാണ് രോഗം ബാധിച്ച പതിനൊന്നു പേരും.
ഇതേതുടര്‍ന്ന് ഈ പ്രദേശത്തേക്ക് പുറത്തുനിന്നുള്ളവര്‍ എത്തുന്നത് താല്‍ക്കാലികമായി വിലക്കി. എന്നാല്‍, നിലവില്‍ ഖത്തീഫിന് പുറത്തുള്ള ഇവിടുത്തെ താമസക്കാര്‍ക്ക് തിരിച്ചു വീട്ടിലേക്ക് വരുന്നതിന് തടസമില്ല. സുരക്ഷ നടപടിയുടെ ഭാഗമായി പ്രദേശത്തെ സ്കൂളുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളും താല്‍ക്കാലികമായി അടച്ചു. ഗ്യാസ് സ്റ്റേഷനുകളും ഫര്‍മാസികളും ആശുപത്രികളും ഉള്‍പ്പെടെയുള്ള അത്യാവശ്യ സേവന മേഘലകള്‍ പ്രവര്‍ത്തിക്കും.
അതേസമയം രോഗ ബാധ തടയുന്നതിനായി വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാരുടെ പഞ്ചിംഗ് സംവിധാനവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. രോഗബാധ തടയാനായി വാണിജ്യ കേന്ദ്രങ്ങളും ഷോപ്പിംഗ് മാളുകളും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി.
ട്രോളികള്‍ അണുവിമുക്തമാക്കുന്നതിനും ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ഉപയോഗത്തിനായി അണുനശീകരണ സംവിധാനം ഒരുക്കുന്നതിനും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് റിയാദ് നഗരസഭ നിര്‍ദ്ദേശം നല്കി. കൂടാതെ പള്ളികളിലെ കാര്പെറ്റുകള് പതിവായി അണുവിമുക്തമാക്കുന്നതിനു ഇസ്ലാമികകാര്യ മന്ത്രാലയവും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Discussion about this post