ഇസ്രായേല്‍: ‘ഹസ്തദാനം ഒഴിവാക്കി പകരം ഇന്ത്യക്കാരെപ്പോലെ കൂപ്പുകൈകളോടെ ആളുകളെ സ്വീകരിക്കണം’ ഇത് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഉപദേശമാണ്. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം ജനങ്ങളോട് ഇപ്രകാരം ആവശ്യപ്പെട്ടത്.
കൈകള്‍ കൂപ്പി നമസ്തേയെന്നോ ജൂതര്‍ പരസ്പരം അഭിവാദ്യം ചെയ്യുന്ന ശാലോമെന്നോ പറയാമെന്നാണ് അദ്ദേഹം ഉപദേശിക്കുന്നത്. ഹസ്തദാനം നല്‍കാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണ വൈറസ് ബാധ ലോകമാകെ പടരുന്ന സാഹചര്യത്തില്‍ നടന്ന അവലോകന യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഇന്ത്യക്കാരേപ്പോലെ പരസ്പരം അഭിവാദ്യം ചെയ്യാന്‍ നെതന്യാഹു ജനങ്ങളോട് ആവശ്യപ്പെട്ടത്.
കൊറോണയെ പ്രതിരോധിക്കാന്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ഇതുവരെ 15 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 7,000 പേര്‍ നിരീക്ഷണത്തിലാണ്. ഇവരോട് വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 5,000 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ഇസ്രായേലില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post