ബീജിങ്: ലോകത്തെ ആശങ്കയിലേയ്ക്കും ഭീതിയിലേയ്ക്കും വലിച്ചിട്ട കൊറോണ വൈറസ് വിദ്യാര്‍ത്ഥികളുടെ പഠനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട അവധിയും കൊറോണയുമെല്ലാം കാരണം ഈവര്‍ഷം കാര്യമായി ക്ലാസുകള്‍ നടന്നിട്ടില്ല. ഇതോടെ വിദ്യാര്‍ത്ഥികളുടെ പഠനവും താറുമാറായി.
ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പഠനം ഓണ്‍ലൈനിലേയ്ക്ക് മാറ്റിയിരിക്കുകയാണ് ചൈനയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ജനുവരി മുതല്‍ പല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരുന്നു. കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ മറ്റു രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്കു മടങ്ങി. അനിശ്ചിതമായി അവധി നീണ്ടതോടെയാണ് ഓണ്‍ലൈനായി ക്ലാസുകള്‍ പുനരാരംഭിക്കാന്‍ പല കോളേജുകളും തീരുമാനിച്ചത്.
മെഡിക്കല്‍ കോളേജുകളില്‍ പലതിലും ക്ലാസുകള്‍ തുടങ്ങിയിട്ട് ഒരാഴ്ചയായി. ടൈം ടേബിള്‍ അനുസരിച്ചുതന്നെ ക്ലാസുകള്‍ നടക്കുന്നുണ്ടെന്ന് യി ചാങ് സിറ്റിയിലെ മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി പറയുന്നു. ക്ലാസിന്റെ സമയം വിദ്യാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിക്കും. ഈ സമയത്ത് വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനിലുണ്ടാകണം. ചൈനീസ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാണ് പഠനം. പവര്‍ പോയന്റ് അവതരണങ്ങളെല്ലാമായി രസകരമാണ് ക്ലാസുകള്‍. വിദ്യാര്‍ത്ഥികള്‍ പ്രത്യേക ഐഡി ഉപയോഗിച്ചാണ് ലോഗിന്‍ ചെയ്യുന്നത്. ക്ലാസില്‍ പങ്കെടുക്കാത്തവര്‍ക്ക് ഹാജര്‍ നഷ്ടമായതായി രേഖപ്പെടുത്തുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
Discussion about this post