വാഷിംഗ്ടണ്‍: ചൈനയെ പിടിച്ചു കുലുക്കിയ കൊറോണ വൈറസ് അമേരിക്കയിലും. വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ വാഷിംഗ്ടണില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും സ്ഥിതി നിയന്ത്രണത്തിലാണെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
ചൈനയില്‍ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം മൂവായിരത്തിന് അടുത്തു. അതേസമയം ചൈനയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്. ഇതുവരെ അമ്പതിലധികം രാജ്യങ്ങളിലാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്.
ചൈനയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളിലും കൊറോണ വൈറസ് വ്യാപിക്കാന്‍ തുടങ്ങിയതോടെ ലോക രാജ്യങ്ങള്‍ ആശങ്കയിലാണ്. ഇറാനിലും ദക്ഷിണ കൊറിയയിലും വൈറസ് ബാധിതരുടെ എണ്ണം അനുദിനം കൂടുകയാണ്. 24 മണിക്കൂറിനിടെ 205 കേസുകളാണ് ഇറാനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണ കൊറിയയില്‍ വൈറസ് ബാധിതരുടെ എണ്ണം 3,150 ആയി. ഇവിടെ പതിനേഴ് പേരാണ് ഇതിനോടകം മരിച്ചത്. ചൈന കഴിഞ്ഞാല്‍ ഏറ്റവുമധികം പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ദക്ഷിണ കൊറിയയില്‍ സൈന്യം രംഗത്തിറങ്ങിയിരിക്കുകയാണ്. ദെയ്ഗിലില് സൈന്യത്തിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
Discussion about this post