ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം വ്യാഴാഴ്ച രാവിലെവരെ 2118 ആയി. ചൈനയില്‍ കഴിഞ്ഞദിവസം 114 മരണംകൂടി റിപ്പോര്‍ട്ടുചെയ്തതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. അതിനിടെ, ചൈനയില്‍ വൈറസ് വ്യാപനം കുറയുന്നതായി ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മിഷന് അവകാശപ്പെട്ടു.
നിലവില്‍ ലോകത്ത് ഒട്ടാകെ 74,576 പേര്‍ക്കാണ് ഇപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയ്ക്ക് പുറമെ ഇറാനിലും ജപ്പാനിലും രണ്ടുപേര്‍ വീതവും ദക്ഷിണകൊറിയയിലും ഹോങ് കോങ്ങിലും ഓരോപേര് വീതവും രോഗം ബാധിച്ച് മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ആയിരങ്ങളുടെ ജീവന് കവര്‍ന്ന കൊറോണ വൈറസ് വ്യാപനം ചൈനയില്‍ കുറയുന്നതായി ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മിഷന് അറിയിച്ചു. ബുധനാഴ്ച രാജ്യത്ത് 394 പേരിലാണ് പുതുതായി വൈറസ് കണ്ടെത്തിയത്. ചൊവ്വാഴ്ച അത് 1749 പേരിലായിരുന്നു.
ഫെബ്രുവരിയില്‍ ഒരു ദിവസം റിപ്പോര്‍ട്ടുചെയ്യുന്ന ഏറ്റവും കുറഞ്ഞ വൈറസ് ബാധയാണിത്. വൈറസ് വ്യാപനം കുറയുന്നുവെന്ന വാര്‍ത്ത പുതുപ്രതീക്ഷയാണ് നല്‍കുന്നത്.
Discussion about this post