ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ജീവനെടുത്ത് ചാവേർ ആക്രമണം. ക്വറ്റയിൽ തീവ്ര മതമൗലിക-രാഷ്ട്രീയ സംഘടന നടത്തിയ റാലിക്കിടെയുണ്ടായ ചാവേർ ആക്രമണത്തിൽ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ചയായിരുന്നു സംഭവം.
സ്‌ഫോടനത്തിൽ പരിക്കേറ്റ 25 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അഹ്ലെ സുന്നത്ത് വൽ ജമാഅത്ത് എന്ന സംഘടന സംഘടിപ്പിച്ച യോഗത്തിന്റെ വേദിക്ക് സമീപത്താണ് ആക്രമണമുണ്ടായതെന്ന് സൗത് വെസ്റ്റേൺ ബലൂചിസ്ഥാൻ ആഭ്യന്തര മന്ത്രി സിയ ലംഗോവ് മാധ്യമങ്ങളോട് പറഞ്ഞു. ബൈക്കിലെത്തിയ ആക്രമിയെ പോലീസ് തടഞ്ഞുവെച്ചു. ഉടൻ തന്നെ ആക്രമി റാലിക്ക് നേരെ കുതിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.