കെയ്‌റോ: വിമാനത്താവളത്തിൽ വെച്ച് ബാഗ് എടുത്തുവെച്ചതിന് സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ പുറത്ത് തട്ടി നന്ദി പറഞ്ഞ വിനോദ സഞ്ചാരി ജയിലിലായി. ബ്രിട്ടീഷ് പൗരനായ ടോണി കാമോക്കിയോയാണ് ഈജിപ്തിൽ വെച്ച് അറസ്റ്റിലായത്.
അൻപത്തൊന്നുകാരനായ ടോണി, കുടുംബത്തോടൊപ്പം പത്ത് ദിവസത്തെ അവധി ആഘോഷങ്ങൾക്ക് ശേഷം ബ്രിട്ടനിലേക്ക് പോകാനായി ഈജിപ്ത് എയർപോർട്ടിൽ എത്തിയപ്പോഴായിരുന്നു സംഭവം. ദക്ഷിണ ലണ്ടനിലെ സട്ടൻ സ്വദേശികളാണ് ടോണിയും കുടുംബവും. നാലുകുട്ടികളുടെ പിതാവായ ടോണി പതിനെട്ട് അംഗസ സംഘമായാണ് വിനോദയാത്രയ്ക്കായി ഈജിപ്തിൽ എത്തിയത്.
സെക്യൂരിറ്റി ചെക്കിൽ ബാഗുകൾ വയ്ക്കാൻ സഹായിച്ച സുരക്ഷാ ഉദ്യോഗസ്ഥൻറെ പുറത്ത് നന്ദി സൂചകമായി ടോണി തട്ടുകയായിരുന്നു. ഇതിന്റെ പേരിൽ ലൈംഗികാതിക്രമമാണ് ടോണിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇദ്ദേഹത്തെ ഹർഗാഡ പോലീസ് സ്റ്റേഷനിലാണ് തടവിലിട്ടിരിക്കുന്നത്.
അൻപത്തിമൂന്നുകാരിയായ ഭാര്യയും 26കാരിയായ മകളും ടോണിയെ വിട്ടുതരണമെന്ന ആവശ്യവുമായി ഈജിപ്തിൽ തുടരുകയാണ്. തെറ്റിധാരണയുടെ പുറത്താണ് ടോണിയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് കുടുംബം ആരോപിക്കുന്നത്. ലൈംഗികാതിക്രമം പോലെയുള്ള ഉദ്ദേശത്തോടെയല്ല പിതാവ് സുരക്ഷാ ഉദ്യോഗസ്ഥന്റെ പുറത്ത് തട്ടിയതെന്ന് മകൾ പറയുന്നു. ലണ്ടനിലെ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ടോണിയെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് കുടുംബം.