ഇസ്ലാമാബാദ്: മുംബൈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ ഹാഫിസ് സയിദിന് പാകിസ്താനിൽ 11 വർഷത്തെ തടവ് ശിക്ഷ. ഭീകരവാദ പ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകൽ, കള്ളപ്പണം കടത്തൽ തുടങ്ങിയ കേസുകളിലാണ് പാകിസ്താൻ കോടതി ഹാഫിസിനെ 11 വർഷത്തെ തടവിന് ശിക്ഷിച്ചത്. പാക് പഞ്ചാബ് പോലീസിന്റെ ഭീകരവാദ വിരുദ്ധ വകുപ്പാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയത്. ലാഹോറിലും ഗുജറൻവാലയിലും രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലായി അഞ്ചര വർഷം വീതമാണ് ശിക്ഷ. 15,000 രൂപ പിഴയും ഒടുക്കണം. അസേമയം, 166 പേർ കൊല്ലപ്പെട്ട മുംബൈ ആക്രമണത്തിന് പിന്നിൽ ഇയാളാണെന്ന് തെളിഞ്ഞതോടെ ഐക്യരാഷ്ട്ര സഭ സുരക്ഷ കൗൺസിൽ നിരോധനവും ഏർപ്പെടുത്തിയിരുന്നു.
ലഷ്കർ ഇ ത്വയിബ സ്ഥാപകനും ജമാഅത്ത് ഉദ്വ തലവനുമാണ് ഹാഫിസ് സയിദ്. പാകിസ്താനിൽ മാത്രം 23 ഭീകരവാദ കേസുകളാണ് സയിദിനെതിരെയുള്ളത്. ഇന്ത്യ നിരവധി കേസുകൾ എടുത്തിട്ടും ഇയാൾ പാകിസ്താനിൽ സർക്കാരിന്റെ സഹായത്തോടെ സ്വതന്ത്ര്യമായി വിഹരിക്കുകയായിരുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മർദ്ദഫലമായാണ് ഇയാൾക്കെതിരെ ഭീകരവാദ കേസുകൾ ചുമത്താൻ പാകിസ്താൻ തയ്യാറായത് പോലും.
Discussion about this post