12കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; സൊമാലിയയില്‍ രണ്ട് പ്രതികളെയും പരസ്യമായി വെടിവെച്ച് കൊലപ്പെടുത്തി, വധശിക്ഷ നേരില്‍ കണ്ട് ഇരയുടെ പിതാവ്

ഇരയുടെ പിതാവും ശിക്ഷ നടപ്പാക്കുന്നത് കാണാന്‍ എത്തിയിരുന്നു.

മൊഗാദിഷു: സൊമാലിയയില്‍ 12 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികളുടെ വധശിക്ഷ നടപ്പാക്കി. ഏറെ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച കേസാണ് ഇത്. എല്ലാ വിവാദങ്ങള്‍ക്ക് ശേഷമാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയത്. പരസ്യമായി വെടിവെച്ച് കൊന്നാണ് ശിക്ഷ നടപ്പിലാക്കിയത്.

ഇരയുടെ പിതാവും ശിക്ഷ നടപ്പാക്കുന്നത് കാണാന്‍ എത്തിയിരുന്നു. ചൊവ്വാഴ്ച സൊമാലിയയുടെ വടക്കന്‍ തീരത്തെ ബൊസ്സാസ്സോ ടൗണ്‍ സ്‌ക്വയറില്‍ വെച്ചാണ് രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കിയത്. 2019 ഫെബ്രുവരിയിലാണ് ഗാല്‍ക്കയോയിലെ മാര്‍ക്കറ്റില്‍നിന്ന് 12 വയസുകാരിയെ തട്ടികൊണ്ടുപോയ ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. അബ്ദിഫത്താഹ് അബ്ദുറഹ്മാന്‍ വാര്‍സെം, അബ്ദിഷുക്കൂര്‍ മുഹമ്മദ് ഡിഗെ, വാര്‍സെമിന്റെ സഹോദരന്‍ അബ്ദിസലാം അബ്ദുറഹ്മാന്‍ എന്നിവരായിരുന്നു കേസിലെ മുഖ്യ പ്രതികള്‍.

സംഭവത്തില്‍ മൂവരും കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയെങ്കിലും അബ്ദിസലാം അബ്ദുറഹ്മാന്റെ വധശിക്ഷ മാത്രം നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. ഇയാള്‍ക്കെതിരായ കേസില്‍ വീണ്ടും പരിശോധന നടത്തണമെന്ന് കോടതി നിര്‍ദേശിച്ചതിനാലാണ് ശിക്ഷ നടപ്പാക്കാന്‍ സാധിക്കാതെയിരുന്നത്.

Exit mobile version