ടോംമിനും ജെറിക്കും ഇന്ന് 80 വയസ്സ്; എന്നിട്ടും വഴക്ക് തീരുന്നില്ല

വാഷിങ്ടണ്‍: ഒരിക്കലും അടിപിടി തീരാത്ത ടോമിനെയും ജെറിയെയും അറിയാത്തവര്‍ വളരെ ചുരുക്കമായിരിക്കും. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ആരാധകരായി മാറിയ പ്രിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്ക് ഇന്ന് 80 വയസ്സ് തികയുകയാണ്.

1940 ഫെബ്രുവരി പത്തിനാണ് ഹോളിവുഡിലെ മെട്രോ ഗോള്‍ഡ്വിന്‍ മേയര്‍ (എംജിഎം.) കാര്‍ട്ടൂണ്‍ സ്റ്റുഡിയോയിലാണ് ടോമും ജെറിയും ആദ്യമായി പ്രദര്‍ശനത്തിനെത്തിയത്. പുസ് ഗെറ്റ്‌സ് ദ ബൂട്ട് എന്നായിരുന്നു ആദ്യ കാര്‍ട്ടൂണിന്റെ പേര്.

ജാസ്പര്‍, ജിന്‍ക്‌സ് എന്നിങ്ങനെയായിരുന്നു ടോമിന്റെയും ജെറിയുടെയും ആദ്യ പേര്. തുടക്കത്തില്‍ തന്നെ ആരാധകരെ വാരിക്കൂട്ടിയ കാര്‍ട്ടൂണിന്റെ പേര് പിന്നീട് ടോം ആന്‍ഡ് ജെറി എന്നാക്കി മാറ്റുകയായിരുന്നു. എംജിഎമ്മില്‍ ആനിമേറ്റര്‍മാരായിരുന്ന വില്യം ഹന്നയും ജോസഫ് ബാര്‍ബറയുമാണ് ടോമിന്റെയും ജെറിയുടെയും സ്രഷ്ടാക്കള്‍.

മിക്കി മൗസും പോര്‍ക്കി പിഗും പോലുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ അരങ്ങിലെത്തിയതോടെ എംജിഎം പരാജയം മണത്തു തുടങ്ങിയിടത്തുനിന്നാണ് ടോമിന്റെയും ജെറിയുടെയും ജനനം. പിന്നീട് ലോകത്തിന്റെ പ്രിയപ്പെട്ടവരായി ഈ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ മാറുകയായിരുന്നു. ഏഴുതവണയാണ് ടോം ആന്‍ഡ് ജെറി ഓസ്‌കര്‍ പുരസ്‌കാരം നേടിയത്.

Exit mobile version