സിംഗപ്പൂര്‍: ലോകത്തെ ആശങ്കയിലാഴ്ത്തുന്ന കൊറോണ വൈറസ് ബാധ ഇപ്പോള്‍ സിംഗപ്പൂരിലേയ്ക്കും പടരുന്നു. രോഗ ലക്ഷണങ്ങളോടെ നാല് പേര് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 11 പേര് നിരീക്ഷണത്തിലുമാണ്. സിംഗപ്പൂരിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വച്ച് നടന്ന ബിസിനസ് യോഗത്തില്‍ കൊറോണ രോഗലക്ഷണങ്ങളോടെയുള്ളവരും പങ്കെടുത്തിരുന്നു. 109 പേരാണ് യോഗത്തില്‍ പങ്കെടുത്തത്. ഇതില്‍ പതിനഞ്ച് പേര് സിംഗപ്പൂര്‍ സ്വദേശികളാണ്.
ഇവരില്‍ നാല് പേരെയാണ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ളവരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. മലേഷ്യയില്‍ നിന്നും ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ യോഗത്തില്‍ പങ്കെടുത്ത 42കാരനു കൊറോണ ബാധിച്ചെന്ന് ചൊവ്വാഴ്ച്ച മലേഷ്യന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു. രോഗിയുമായി ബന്ധപ്പെട്ടവരെ നിരീക്ഷിച്ചു വരികയാണ്.
ചൈനയിലാണ് ആദ്യം കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പതിയെ മറ്റ് രാജ്യങ്ങളിലേയ്ക്കും പടരുകയായിരുന്നു. ചൈനയില്‍ ഇതിനോടകം 560 ജീവനുകളാണ് നഷ്ടപ്പെട്ടത്. കേരളത്തില്‍ മൂന്ന് പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇവര്‍ മൂന്നു പേരും ചൈനയിലെ വുഹാനില്‍ നിന്ന് എത്തിയവരാണ്.
Discussion about this post