ചെന്നൈ: കൊറോണ വൈറസ് ഭീതി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ചൈനയിലെ വുഹാനിലും ഹുബേയിലും കടുത്ത നിയന്ത്രണങ്ങളിൽ വലഞ്ഞ് സാധാരണ ജനങ്ങൾ. ഭക്ഷണത്തിനും അനവശ്യവസ്തുക്കൾക്കും ദൗർലഭ്യം നേരിടുന്നതിന് പുറമെ ചികിത്സയ്ക്കായി പോലും പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ് ഇവിടുങ്ങളെലെ ജനങ്ങൾ. യാത്രകൾക്ക് വിലക്കുള്ളതിനാൽ വിദഗ്ധ ചികിത്സയ്ക്കായി പോലും സമീപത്തെ പട്ടണങ്ങളിലേക്ക് ഇവർക്ക് പോകാനാകുന്നില്ല.
മുൻകരുതൽ ഗുരുതരരോഗങ്ങൾക്കുൾപ്പെടെ ചികിത്സ തേടുന്നവരേയും ദുരിതത്തിലാക്കിയിട്ടുണ്ട്. നിഷേധിക്കപ്പെട്ട യാത്രാനുമതിയെ കണ്ണീരിന്റെ ബലത്തിൽ മറികടന്ന ഒരു അമ്മയും മകളുമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അമ്പതുകാരിയായ ല്യൂ യുജീൻ കരഞ്ഞുകൊണ്ട് പറയുന്നത് ഇത്രമാത്രം. ‘എന്നെ വിടണ്ട. എന്റെ മകളെ കടത്തി വിടൂ. അവൾക്ക് ചികിത്സ നൽകൂ’. ല്യൂവിന്റെ മകൾ ഇരുപത്തിയാറുകാരിയായ ഹ്യൂ പിംഗിന് കാൻസറാണ്.
ഹുബേയ്ക്ക് സമീപം ജിയുജിയാംഗ് യാംഗ്സേ നദിക്ക് അക്കരെ താമസിക്കുന്ന ഇവർ ചികിത്സയുടെ ഭാഗമായി പോകാനെത്തിയിരുന്നു. എന്നാൽ കൊറോണയുടെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി രംഗത്തുള്ള പോലീസ് ഇവരെ കടത്തിവിടാൻ തയ്യാറല്ല. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ രണ്ടാമത്തെ കീമോതെറാപ്പി നടത്താനായി പോകാൻ അനുവദിക്കാൻ കരഞ്ഞുപറയുകയാണ് ഈ അമ്മ.
എന്തായാലും വാർത്താ ഏജൻസിയുടെ ക്യാമറയിൽ ല്യൂവും ഹ്യൂവും പതിഞ്ഞത് ഇവർക്ക് രക്ഷയായി. ഒടുവിൽ കടുംപിടുത്തവുമായി നിന്ന സുരക്ഷാ ഉദ്യോഗസ്ഥർ അയയുകയും ഇരുവർക്കും പോകാൻ ആംബുലൻസ് ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇവിടങ്ങളിലുള്ള മറ്റ് പലരുടേയും അവസ്ഥ ഇതല്ല. ഹുബേയുടെ ചുറ്റുവട്ടത്ത് താമസിക്കുന്ന എല്ലാവരും ഇതുപോലെ കടുത്ത നിയന്ത്രണങ്ങളിൽ വീർപ്പുമുട്ടുകയാണ്.
Discussion about this post