ബെയ്ജിങ്: ആശങ്കകൾക്കിടെ ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 304 ആയി. ഞായറാഴ്ച മാത്രം 45 പേരാണ് രോഗബാധയെ തുടർന്ന് മരിച്ചത്. മരിച്ചവരിൽ ഏറെപ്പേരും ഹൂബൈ പ്രവിശ്യയിൽ നിന്നുള്ളവരാണ്. ചൈനയിലും പുറത്തുമായി 14,499 പേർക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ചൈനയ്ക്ക് പുറത്ത് കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
അതേസമയം, വുഹാൻ പ്രഭവകേന്ദ്രമായ കൊറോണ ഇതുവരെ 27 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് നൂറിലധികം പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. വുഹാനിലും സമീപപ്രദേശങ്ങളിലും പ്രതിരോധ നടപടികൾ ഊർജിതമാക്കിയെങ്കിലും രോഗബാധ നിയന്ത്രിക്കാനായില്ലെന്ന് ചൈനീസ് അധികൃതർ സമ്മതിക്കുന്നു.
കൊറോണ വൈറസ് പ്രതിരോധനടപടികളുടെ ഭാഗമായി യുഎസും ഓസ്‌ട്രേലിയയും ചൈന സന്ദർശിച്ചവർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇറ്റലി ഇവർക്ക് ആറ് മാസത്തേക്ക് പ്രത്യേക കരുതൽ പ്രഖ്യാപിച്ചു. രോഗബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ 1793 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
Discussion about this post