ലണ്ടൻ: നീണ്ട കാലത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്ന് ഔദ്യോഗികമായി പടിയിറങ്ങി. പ്രാദേശിക സമയം രാത്രി 11 മണിക്കാണ് ബ്രെക്‌സിറ്റ് നടപ്പായത്. ബ്രെക്‌സിറ്റിനായി ഏറെ വാദിച്ച് ഭരണത്തിലേറിയ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇത് ബ്രിട്ടന്റെ പുതിയ ഉദയമാണെന്ന് പ്രതികരിച്ചു. മൂന്നര വർഷം നീണ്ട ചർച്ചകൾക്കും രാഷ്ട്രീയ അട്ടിമറികൾക്കും ശേഷമാണ് ബ്രെക്‌സിറ്റ് നടപ്പായത്.
ബ്രിട്ടൺ പടിയിറങ്ങിയതോടെ ഇനി 27 രാജ്യങ്ങളാണ് യൂറോപ്യൻ യൂണിയനിൽ ഉള്ളത്. വിടുതൽ നടപടികൾ പൂർത്തിയാക്കാൻ ബ്രിട്ടനും യൂറോപ്യൻ യൂണിയനും 11 മാസത്തെ സമയം ഉണ്ട്. ഡിസംബർ 31 നാണ് പൂർണ്ണ അർത്ഥത്തിൽ ബ്രെക്‌സിറ്റ് നടപ്പാകുക. ബ്രെക്‌സിറ്റ് യാഥാർത്ഥ്യമായതോടെ യൂറോപ്യൻ യൂണിയനുമായുള്ള 47 വർഷത്തെ ബന്ധമാണ് ബ്രിട്ടൻ അവസാനിപ്പിച്ചത്.
അതുവരെ വ്യാപാര കരാറുകളും പൗരത്വവും നിലനിൽക്കും. പതിനൊന്ന് മാസത്തിനകം ബ്രിട്ടൻ യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളുമായും മറ്റ് രാജ്യങ്ങളുമായും പുതിയ കരാറുകൾ രൂപീകരിക്കും.
അതേസമയം, ലോകം ആകാംക്ഷയോടെയാണ് യൂറോപ്യൻ യൂണിയനിൽ നിന്ന് വേർപ്പെട്ട ബ്രിട്ടനെ നോക്കുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഏറെ പ്രതീക്ഷയിലാണ്. ബ്രിട്ടന് മറ്റു രാജ്യങ്ങളുമായി സ്വതന്ത്രമായി വ്യാപാരപങ്കാളിത്ത കരാറുകൾ ഉറപ്പിക്കാൻ ഇനി സാധിക്കും.
Discussion about this post