ജനീവ: ചൈനയിലെ കൊറോണ വൈറസ് മറ്റ് രാജ്യങ്ങളിലേക്കും അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടന തലവൻ ടഡ്രോസ് അദാനം ഗബ്രിയേസസ് ആണ് ഇക്കാര്യം ജനീവയിൽ അറിയിച്ചത്. ഇതിനിടെ ചൈനയിൽ രോഗബാധമൂലം മരിച്ചവരുടെ എണ്ണം 213 ആയി. ചൈനയ്ക്ക് പുറത്ത് 20 രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി സ്ഥിരീകരിച്ചത് ഇന്ത്യയിലും ഫിലിപ്പിൻസിലുമാണ്.
ലോകത്താകമാനമായി 9700 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ ബഹുഭൂരിപക്ഷവും ചൈനയിലാണ്. ലോക ആരോഗ്യ സംഘടന രോഗം ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തി. ചൈനയിലെ വുഹാനിൽ നിന്ന് മടങ്ങി എത്തിയ മലയാളി വിദ്യാർഥിനിക്കാണ് ഇന്ത്യയിൽ കഴിഞ്ഞ ദിവസം രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ തുടരുന്ന വിദ്യാർത്ഥിനിയുടെ നില ഗുരുതരമല്ല.
ചൈനയിലെ അവസ്ഥ എന്ത് എന്നതിനേക്കാൾ മറ്റു രാജ്യങ്ങളിലേയ്ക്ക് വൈറസ് ബാധ പടരുന്നു എന്ന വസ്തുതയാണ് പ്രധാനമെന്ന് ലോകാരോഗ്യ സംഘടന തലവൻ പറഞ്ഞു. വൈറസ് ബാധ നിയന്ത്രിക്കാൻ ചൈന ആവശ്യമായ നടപടികൾ കൈക്കൊണ്ടുവരുന്നുണ്ട്. എന്നാൽ, ദുർബലമായ ആരോഗ്യ സംവിധാനങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിലേയ്ക്ക് വൈറസ് പടരുന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേ സമയം ചൈനയ്ക്ക് പുറത്ത് ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വൈറസ് വ്യാപനം തടയുന്നതിന് എല്ലാവരും ഒത്തൊരുമിച്ചുള്ള പ്രവർത്തനം ആവശ്യമാണെന്നും സഹായം ആവശ്യമുള്ളിടങ്ങളിൽ സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കാൻ ലോകാരോഗ്യ സംഘടന സന്നദ്ധമാണെന്നും ലോകാരോഗ്യ സംഘടന തലവൻ ഗബ്രിയേസസ് വ്യക്തമാക്കി.