ധര്‍മ്മശാല: പടര്‍ന്ന്പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണാ വൈറസിനെ തടയാന്‍ ചൈനക്കാര്‍ക്ക് ദിവ്യമന്ത്രം ഉപദേശിച്ച് തിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമ. ‘താര മന്ത്രം’ ജപിക്കാന്‍ ചൈനയിലെ ബുദ്ധ ആശ്രമങ്ങളിലുള്ളവരോട് ദലൈ ലാമ നിര്‍ദേശിച്ചു. ചൈനയിലുള്ള തിബറ്റന്‍ സന്യാസികള്‍ കൊറോണ വൈറസിനേക്കുറിച്ചുള്ള ആശങ്ക പങ്കുവച്ചപ്പോഴാണ് ദലൈ ലാമ മന്ത്രം ജപിക്കാന്‍ നിര്‍ദേശിച്ചത്.
ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ സെന്‍ട്രന്‍ തിബറ്റന്‍ അഡ്മിനിസ്‌ട്രേഷന്‍ വൈബ്‌സൈറ്റിലാണ് ദലൈ ലാമ നല്കിയിരിക്കുന്നത്. ‘താര മന്ത്രം’ ജപിക്കുന്നത് സാംക്രമിക രോഗങ്ങള്‍ പടരുന്ന് തടയുമെന്നും ദലൈ ലാമ പറഞ്ഞു. മന്ത്രം ജപിക്കുന്നതിന്റെ വോയിസ് ക്ലിപ്പും ദലൈ ലാമ പങ്കുവെച്ചിട്ടുണ്ട്. വന്യജീവികളുടെ വില്പനയാണ് കൊറോണ വൈറസ് ബാധ ഇത്ര രൂക്ഷമാകാന്‍ കാരണമെന്നും ഇത് ശ്രദ്ധിക്കണമെന്നും ദലൈ ലാമ കൂട്ടിച്ചേര്‍ത്തു.
ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് ബാധിച്ച് ഇതുവരെ 170 പേരാണ് മരിച്ചത്. മരിച്ചവരെ സെന്‍ട്രല്‍ തിബറ്റന്‍ അഡ്മിനിസ്‌ട്രേഷന്‍ അനുശോചിച്ചു. ചൈനയുടെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഉടന്‍ തന്നെ വൈറസിനെ നിയന്ത്രണത്തിലാക്കാന്‍ കഴിയട്ടെയെന്നും തിബറ്റന്‍ അഡ്മിനിസ്‌ട്രേഷന്‍ ആശംസിച്ചു.
Discussion about this post