ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുന്ന വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ചൈന അനുമതി നല്‍കി. രണ്ട് വിമാനങ്ങള്‍ക്കാണ് ചൈന അനുമതി നല്‍കിയത്. വിദേശ കാര്യ വക്താവ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
രോഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങുന്നതില്‍ കുഴപ്പമില്ലെന്ന് വിദ്യാര്‍ത്ഥികളില്‍ നിന്ന് സമ്മതപത്രം വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, നാട്ടിലേക്ക് മടങ്ങേണ്ട തീയതിയും മറ്റ് കാര്യങ്ങളും ഉടന്‍ അറിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സന്ദേശം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി കഴിഞ്ഞു.
നേരത്തെ വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ചൈന അനുമതി നല്‍കിയിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ചൈന അനുമതി നല്‍കിയത്.
വൈറസ് പടരുന്ന മേഖലയില്‍ നിന്ന് മറ്റൊരു സ്ഥലത്തേക്ക് ആളുകളെ കൂട്ടത്തോടെ മാറ്റുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ നിലപാട് ചൂണ്ടികാട്ടിയാണ് ചൈന ആദ്യം അനുമതി നല്‍കാതിരുന്നത്. വുഹാന്‍ മേഖലയില്‍ മലയാളികളടക്കം നിരവധി ഇന്ത്യാക്കാരാണ് കുടുങ്ങി കിടക്കുന്നത്.