വാഷിങ്ടൻ: സൈനികമേധാവിയെ വധിച്ചതിനുള്ള പ്രതികാര നടപടിയായി ഇറാഖിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ 50ഓളം സൈനികർക്ക് തലച്ചോറിന് ക്ഷതമേറ്റെന്ന് പെന്റഗൺ. 80 സൈനികർ കൊല്ലപ്പെട്ടുവെന്ന ഇറാന്റെ വാദം പച്ചക്കള്ളമാണെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. യുഎസ് സൈന്യത്തിലെ ഒരാൾക്കു പോലും ഒരു പോറൽ പോലും പറ്റിട്ടില്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ വാദങ്ങൾ തള്ളിയിരിക്കുകയാണ് പെന്റഗൺ.
18 പേർ ജർമനിയിൽ ചികിത്സയിലാണെന്നും ബാക്കിയുള്ളവർ ഇറാഖിലെ ചികിത്സയ്ക്കു ശേഷം ജോലിയിൽ തിരികെ പ്രവേശിച്ചുവെന്നും അധികൃതർ വ്യക്തമാക്കി. അൽ അസദ് താവളത്തിലെ സൈനികർക്കാണ് ആക്രമണത്തിന്റെ ആഘാതം മൂലം തലച്ചോറിനു ക്ഷതമേറ്റത്. ആക്രമണം നടക്കുമ്പോൾ 1,500 സൈനികരും ബങ്കറുകളിലായിരുന്നു. യുഎസ് സൈന്യം ഇറാഖ് വിട്ടുപോകണമെന്നാവശ്യപ്പെട്ട് വൻ പ്രതിഷേധം നടക്കുമ്പോൾ തന്നെ ഇറാനോട് ചേർന്ന ഇറാഖ് അതിർത്തിയിൽ അമേരിക്ക സൈനിക താവളങ്ങൾ നിർമ്മിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
യുഎസ് ഇറാഖ് വിടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം 10 ലക്ഷം പേരാണ് ബാഗ്ദാദിൽ തെരുവിലിറങ്ങിയത്. എന്നാൽ യുഎസ് സൈന്യം ഇറാഖ് വിടില്ലെന്നും സൈനിക നീക്കം ശക്തമാക്കാനാണു നീക്കമെന്നുമാണ് സൂചനകൾ.