കൊറോണ വൈറസ്; മരണസംഖ്യ 132 ആയി, 6000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 132 ആയി. 6000 ത്തോളം പേര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 1239 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യത.

കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ച വുഹാനില്‍ പുതുതായി 840 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം വൈറസ് അതിവേഗം പടരുന്നതിനാല്‍ ചൈനയില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ഇതുമൂലം രോഗം പടരുന്നത് കൃത്യമായി കണ്ടെത്താനാവുന്നില്ലെന്നും ആശുപത്രികളില്‍ വേണ്ടത്ര മെഡിക്കല്‍ക്കിറ്റ് ലഭ്യമല്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

അതേസമയം കൊറോണ വൈറസ് വൈറസ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഹോങ് കോങ്ങും ഫിലിപ്പീന്‍സും. ചൈനയുമായി ബന്ധിപ്പിക്കുന്ന രണ്ട് റെയില്‍വേ ലൈനുകളും ഹോഹ് കോങ് അടച്ചിട്ടു. ഫെറി-ബസ് സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. വിമാന സര്‍വീസുകള്‍ ഭാഗികമായാണ് നടത്തുന്നത്. വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇനി ചൈനീസ് പൗരന്മാര്‍ക്ക് വിസ അനുവദിക്കില്ലെന്നും ചീഫ് എക്സിക്യുട്ടീവ് കാരി ലാം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചൈനീസ് പൗരന്മാര്‍ക്കുള്ള വിസ ഓണ്‍ അറൈവല്‍ സംവിധാനം റദ്ദാക്കുന്നതായി ഫിലിപ്പീന്‍സും വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version