കാലിഫോര്‍ണിയ: പ്രശസ്ത ബാസ്കറ്റ് ബോള്‍ താരം കോബി ബ്രയന്റും മകളും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. ഞായറാഴ്ചയാണ് കായിക ലോകത്തെ കണ്ണീരിലാഴ്ത്തിയ അപകടം ഉണ്ടായത്. അപകടത്തില്‍ പൈലറ്റ് അടക്കം ഹെലികോപ്റ്ററിലുണ്ടായിരുന്ന 9 പേരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
1991 ല്‍ നിര്‍മ്മിച്ച എസ് 76 ബി ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മൂടല്‍മഞ്ഞാണ് അപകട കാരണമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പത്ത് മണിയോടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. പതിമൂന്ന്കാരിയായ മകള്‍ ജിയാനയെ ബാസ്കറ്റ് ബോള്‍ പരിശീലനത്തിന് കൊണ്ടുപോകും വഴിയാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. കോബി ബ്രയാന്റിന്റെയും മകളുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
എന്‍ബിഎയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാസ്കറ്റ് ബോള്‍ താരമാണ് കോബി ബ്രയന്റ്(41). എന്‍ബിഎയുടെ ചരിത്രത്തില്‍ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന ഗെയിം ടോട്ടല്‍ സ്വന്തമാക്കിയത് കോബിയായിരുന്നു. 2008, 2012 ഒളിംപിക്സില്‍ അമേരിക്കക്ക് വേണ്ടി സ്വര്‍ണമെഡലും കോബി കരസ്ഥമാക്കിയിട്ടുണ്ട്. 2016ലാണ് കോബി ബാസ്കറ്റ് ബോളില്‍ നിന്ന് വിരമിച്ചത്.
Discussion about this post