ബീജിങ്: അതിവേഗം പടർന്ന് പിടിച്ച് 56 ജീവനുകൾ ഇതിനോടകം തന്നെ കവർന്ന നിയന്ത്രണാതീതമായ കൊറോണ വൈറസ് ഭീതിയെത്തുടർന്ന് ചൈനയിൽ നടക്കാനിരുന്ന ഏഷ്യൻ ഇൻഡോർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് റദ്ദാക്കി. ചൈനയിലെ ഹോങ്‌ചോയിൽ നടത്താനിരുന്ന ചാമ്പ്യൻഷിപ്പാണ് ഒഴിവാക്കിയത്. കൊറോണ വൈറസ് ബാധ ആദ്യം റിപ്പോർട്ട് ചെയ്യുകയും പടർന്ന് പിടിക്കുകയും ചെയ്ത വുഹാൻ നഗരത്തിൽ നിന്ന് ഏതാണ്ട് 600 കിലോമീറ്റർ മാത്രം അകലെയുള്ള ഹോങ്‌ചോ നിരവധി ലോകരാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് സുരക്ഷിതമല്ലെന്ന നിഗമനത്തിലാണ് പുതിയ തീരുമാനം.
ഫെബ്രുവരി 12, 13 തീയതികളിൽ നടത്താനിരുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പാണ് റദ്ദാക്കിയത്. ഇതോടെ മാർച്ചിൽ ചൈനയിൽത്തന്നെ നടക്കാനിരിക്കുന്ന ലോക ഇൻഡോർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പും അനിശ്ചിതത്വത്തിലായി. കൊറോണവൈറസ് രാജ്യത്ത് തീപടർന്നു പിടിക്കുന്നത് പോലെ വ്യാപിക്കുകയാണെന്നും ജാഗ്രത വേണമെന്നും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് മുന്നറിയിപ്പ് നൽകിയിരുന്നു.
ലോകാരോഗ്യസംഘടനയുമായി അടക്കം വിശദമായ ചർച്ചകൾ നടത്തിയ ശേഷമാണ് ചാമ്പ്യൻഷിപ്പ് റദ്ദാക്കാൻ ഏഷ്യൻ അത്‌ലറ്റിക് അസോസിയേഷൻ തീരുമാനിച്ചത്.
അതേസമയം, കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 56 ആയി. ഇതുവരെ വൈറസ് ബാധിച്ചത് 2008 പേർക്കാണ്. അതിൽ 23 പേർ വിദേശപൗരൻമാരാണ്.