കൊറോണ നിയന്ത്രിക്കാനാകുന്നില്ല; 41 മരണം, 1287 പേർക്ക് വൈറസ് ബാധ; വൻമതിലും ഡിസ്‌നി ലാന്റും അടച്ചു; വൈറസ് യൂറോപ്പിലേക്കും പടരുന്നു

ബെയ്ജിങ്: ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടർന്നുപിടിക്കുന്നു. ആദ്യം കണ്ടെത്തിയ ചൈനയിൽ ഇത്രദിവസമായിട്ടും വൈറസ് പടരുന്നത് നിയന്ത്രിക്കാനായിട്ടില്ല. ഇതുവരെയുള്ള കണക്ക് പ്രകാരം കൊറോണ ബാധയെത്തുടർന്ന് മരിച്ചവരുടെ എണ്ണം 41 ആയി. 1287 പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും ചൈനീസ് സർക്കാർ സ്ഥിരീകരിച്ചു. ഇതിൽ 237 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. ഇവർക്കായി പ്രത്യേക ആശുപത്രിയും ചൈനീസ് സർക്കാർ ഒരുക്കുന്നുണ്ട്.

ചൈനയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ വൻമതിലിന്റെ ബാഡാലിങ് ഭാഗവും ഷാങ്ഹായിലെ ഡിസ്നി ലാന്റും അനിശ്ചിതകാലത്തേക്ക് അടച്ചു. ചൈനീസ് പുതുവത്സരപ്പിറവിയുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി. ഞായറാഴ്ച നടത്താനിരുന്ന റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങ് ഇന്ത്യൻ എംബസിയും റദ്ദാക്കി.

സെൻട്രൽ ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങൾ അടച്ചതായി ചൈനീസ് അധികൃതർ പറഞ്ഞു. ആദ്യം റിപ്പോർട്ടുചെയ്ത വുഹാൻ, ഹുവാങ്ഗാങ്, ഉജൗ, ചിബി, ഷിയാന്താവോ, ക്വിയാൻജിയാങ്, ഷിജിയാങ്, ലിഷുവാൻ, ജിങ്ജൗ, ഹുവാങ്ഷി തുടങ്ങിയയിടങ്ങളിലാണ് നിയന്ത്രണം. നാലുകോടിയോളംപേരാണ് ഈ നഗരങ്ങളിൽ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നത്. ചൈന, ജപ്പാൻ, തായ്ലാൻഡ്, തയ്വാൻ, വിയറ്റ്നാം, സിംഗപ്പൂർ, ഹോങ്കോങ്, മക്കാവു, ഫിലിപ്പീൻസ്, യുഎസ് എന്നിവിടങ്ങളിൽ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതിനിടെ കൊറോണ യൂറോപ്പിലേക്കും പടർന്നത് ആശങ്ക വർധിപ്പിക്കുകയാണ്. ഫ്രാൻസിൽ മൂന്ന് പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചു. ഫ്രഞ്ച് ആഭ്യന്തര മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

Exit mobile version