കൊറോണ വൈറസ്; ആളുകള്‍ക്ക് സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തി ചൈന

ബെയ്ജിങ്: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ചൈനയില്‍ ആളുകല്‍ക്ക് സമ്പര്‍ക്ക വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ചൈനയിലെ ഏഴ് നഗരങ്ങളിലായി രണ്ടുകോടിയോളം വരുന്ന ആളുകള്‍ക്കാണ് ചൈനീസ് അധികൃതര്‍ ഇപ്പോള്‍ സമ്പര്‍ക്കവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൈനയില്‍ പുതുവര്‍ഷാവധി ആരംഭിക്കുന്നതിനാല്‍ ആളുകള്‍ കൂടുതല്‍ യാത്രകള്‍ നടത്തുന്നത് പരിഗണിച്ച് കൂടിയാണ് മുന്നറിയിപ്പെന്ന നിലയില്‍ ഈ വിലക്ക് കൊണ്ടുവന്നിരിക്കുന്നത്.

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് ഇതുവരെ ഇരുപത്തഞ്ച് പേരാണ് മരിച്ചത്. 830 ഓളം പേര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 177 പേരുടെ നില അതീവ ഗുരുതരമാണ്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യത. ചൈനയിലെ വുഹാന്‍ നഗരത്തിലാണ് ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത്.

വൈറസ് നിയന്ത്രണവിധേയമാക്കാന്‍ ചൈന അഞ്ചുനഗരങ്ങള്‍ പൂര്‍ണ്ണമായി അടച്ചിട്ടിരിക്കുകയാണ്. വൈറസ് ആദ്യം റിപ്പോര്‍ട്ടു ചെയ്ത വുഹാനു പിന്നാലെ ഹുബൈ പ്രവിശ്യയിലെ ഹുവാങ്ഗാങ്, ഇജൗ, ഷിജിയാങ്, ക്വിയാന്‍ ജിയാങ് എന്നീ നഗരങ്ങളാണ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുന്നത്. വൈറസ് ഭീതിമൂലം ബോക്സിങ്, വനിതാ ഫുട്ബോള്‍ എന്നിവയുടെ ഒളിംപിക് യോഗ്യതാ മത്സരങ്ങളും വുഹാനില്‍ നിന്ന് മാറ്റിയിരിക്കുകയാണ്. ചൈനയ്ക്ക് പുറമെ ജപ്പാന്‍, തായ്ലാന്‍ഡ് ദക്ഷിണകൊറിയയ, യുഎസ്, സിങ്കപ്പൂര്‍, വിയറ്റ്‌നാം എന്നിവിടങ്ങളിലും ഇപ്പോള്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Exit mobile version