വുഹാൻ: ചൈനയിൽ അതിവേഗത്തിൽ പടർന്നുപിടിക്കുന്ന കൊറോണ വൈറസ് 25 പേരുടെ ജീവനെടുത്തതോടെ വൈറസ് നിയന്ത്രണവിധേയമാക്കാൻ ചൈന അഞ്ചുനഗരങ്ങൾ പൂർണ്ണമായി അടച്ചു. ഇവിടങ്ങളിലെ ജനങ്ങൾക്ക് സമ്പർക്കത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. വൈറസ് ആദ്യം റിപ്പോർട്ടു ചെയ്ത വുഹാനു പിന്നാലെ ഹുബൈ പ്രവിശ്യയിലെ ഹുവാങ്ഗാങ്, ഇജൗ, ഷിജിയാങ്, ക്വിയാൻ ജിയാങ് എന്നീ നഗരങ്ങളാണ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടത്. ‘പ്രത്യേക കാരണ’മില്ലാതെ പ്രദേശം വിടരുതെന്ന് അധികൃതർ കർശനനിർദേശം നൽകിയിട്ടുണ്ട്.
വുഹാൻ നഗരത്തിലേക്കും പുറത്തേക്കും നഗരവാസികൾ യാത്രചെയ്യുന്നത് ബുധനാഴ്ച നിരോധിച്ചിരുന്നു. നഗരങ്ങളിൽ വിമാനം, ബസ്, ട്രെയിൻ, ഫെറി എന്നിവയുൾപ്പെടെയുള്ള പൊതുഗതാഗതസംവിധാനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാൻ സർക്കാർ വ്യാഴാഴ്ചയാണ് ഉത്തരവിട്ടത്. നഗരം അടച്ചതായുള്ള വാർത്ത പുറത്തുവന്നതോടെ നഗരവാസികൾ കൂട്ടത്തോടെ റെയിൽവേ സ്റ്റേഷനിലേക്കും വിമാനത്താവളങ്ങളിലേക്കും എത്തിയപ്പോഴാണ് നിയന്ത്രണങ്ങൾ ശക്തമാക്കിയത്. ചൈനീസ് പുതുവത്സരവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി.
അതേസമയം, വ്യാഴാഴ്ച സിംഗപ്പൂരിലും വൈറസ് ബാധ സ്ഥിരീകരിച്ചു. വുഹാനിൽ നിന്നെത്തിയ 66-കാരനിലാണ് രോഗം കണ്ടെത്തിയത്. ചൈനയ്ക്കുപുറമേ തായ്ലാൻഡ്, തയ്വാൻ, ജപ്പാൻ, ദക്ഷിണകൊറിയ, യുഎസ്, മക്കാവു, ഹോങ് കോങ്, വിയറ്റ്നാം, സൗദി എന്നിവിടങ്ങളിൽ രോഗം റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
Discussion about this post