ഇസ്താംബുൾ: വീണ്ടും വിവാദ നിയമനിർമ്മാണത്തിന് ഒരുങ്ങി തുർക്കി പാർലമെന്റ്. ബലാത്സംഗം ചെയ്ത ആളുമായി വിവാഹം എന്ന നിയമം കൊണ്ടുവരാനാണ് എംപിമാരുടെ നീക്കം. 18 വയസ്സിന് താഴെയുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചാൽ കുറ്റവാളിയായ വ്യക്തി തന്നെ പെൺകുട്ടിയെ വിവാഹം ചെയ്യണം എന്നാണ് ബില്ലിലെ വ്യവസ്ഥ. പുരുഷന്മാർ ഇരകളെ വിവാഹം കഴിച്ചാൽ ബലാത്സംഗ ശിക്ഷയിൽ നിന്നും ഒഴിവാക്കും.
ജനുവരി അവസാനത്തോടെ തുർക്കി പാർലമെന്റിൽ ‘മാരി യുവർ റേപ്പിസ്റ്റ്’ എന്ന ബിൽ അവതരിപ്പിക്കുമെന്നാണ് വിവരം. അതേസമയം, ഈവിവാദ ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി രാജ്യത്തെ സ്ത്രീകൾ രംഗത്തെത്തി. ബാലവിവാഹവും ബലാത്സംഗവും നിയമാനുസൃതമാക്കുക മാത്രമല്ല, കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനും ലൈംഗിക ചൂഷണത്തിനും വഴിയൊരുക്കുകയാണ് ഈ ബില്ലിലൂടെ ഭരണകൂടം ചെയ്യുന്നതെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാണിക്കുന്നു.
തുർക്കിയിലെ പ്രധാന പ്രതിപക്ഷമായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (എച്ച്ഡിപി) സർക്കാരിനോട് ബിൽ പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മുമ്പ് ദേശീയതലത്തിലും ലോകരാജ്യങ്ങളിൽ നിന്നും എതിർപ്പ് ഇയർന്നതോടെ സമാനമായ ഒരു ബിൽ 2016ൽ തുർക്കി പാർലമെന്റിൽ നിയമമാവാതെ പരാജയപ്പെട്ടിരുന്നു. അന്നത്തെ ബില്ലിൽ ‘ബലപ്രയോഗമോ ഭീഷണിയോ’ ഇല്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നെങ്കിൽ പരിരക്ഷ നൽകുന്ന നിയമമാണ് പാസാക്കാൻ ഒരുങ്ങിയിരുന്നത്.
Discussion about this post