റങ്കൂണ്‍: ചൈനീസ് പ്രിസിഡന്റ് ഷി ജിന്‍പിങിന്റെ പേര് വിവര്‍ത്തനം ചെയ്തപ്പോള്‍ വന്നത് തെറി, സംഭവത്തില്‍ ഫേസ്ബുക്ക് മാപ്പ് പറഞ്ഞു. ഷി ജിന്‍പിങിന്റെ മ്യാന്മാര് സന്ദര്‍ശന വേളയിലാണ് സംഭവം. സാങ്കേതിക പിഴവ് സംഭവിച്ചതാണെന്നാണ് ഫേസ്ബുക്കിന്റെ വിശദീകരണം.
ബെര്‍മീസ് ഭാഷയിലുള്ള പോസ്റ്റിലെ ഷി ജിന്‍പിങിന്റെ പേരിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റെ സ്ഥാനത്താണ് തെറി പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ മ്യാന്മാര് സന്ദര്‍ശനത്തിന്റെ രണ്ടാം ദിനം മ്യാന്മാര് സ്റ്റേറ്റ് കൗണ്‍സിലര്‍ ഓംഗ് സാങ് സൂചിയുടെ ഔദ്യോഗിക പേജില്‍ വന്ന പോസ്റ്റിലാണ് വിവര്‍ത്തനത്തില്‍ തെറ്റ് സംഭവിച്ചത്.
തെറ്റ് സംഭവിച്ചയുടന്‍ തന്നെ ഫേസ്ബുക്ക് മാപ്പ് പറഞ്ഞ് രംഗത്തെത്തി. ബര്‍മീസില്‍ നിന്ന് ഇംഗ്ലീഷിലേയ്ക്കുള്ള വിവര്‍ത്തനത്തില്‍ സംഭവിച്ച പിഴവാണെന്നും അത് പരിഹരിച്ചെന്നും ഫേസ്ബുക്ക് അറിയിച്ചു. സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു സംഭവിച്ചുപോയതെന്നും ക്ഷമ ചോദിക്കുന്നുവെന്നും ഫേസ്ബുക്ക് പ്രസ്താവനയില്‍ പറഞ്ഞു.
അതിനിടെ സംഭവം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഷി ജിന്‍പിങിന്റെ പേരിന് പകരം വന്ന തെറിവാക്കടക്കം ഉള്‍പ്പെടുത്തിയാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്.
Discussion about this post