ദുബായ്: ലോകരാഷ്ട്രങ്ങൾക്കിടയിൽ കടുത്ത എതിർപ്പുണ്ടാക്കിയ യുക്രൈൻ വിമാനം തകർത്ത ഇറാന്റെ നടപടി പുറത്തെത്തിച്ചയാൾ കസ്റ്റഡിയിൽ. വിമാനത്തിന് നേരേ ഇറാൻ നടത്തിയ മിസൈലാക്രമണം പുറംലോകത്തെത്തിച്ച ആ ദൃശ്യങ്ങൾ പുറത്തുവിട്ടയാളെയാണ് കസ്റ്റഡിയിലെടുത്തത്. ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്യുകയും അത് പ്രചരിപ്പിക്കുകയും ചെയ്തയാളെ റവല്യൂഷണറി ഗാർഡ്സാണ് പിടികൂടിയതെന്ന് ഇറാൻ വാർത്ത ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു.
ജനുവരി എട്ടിനാണ് ഇറാനിൽ യുക്രൈൻ വിമാനം തകർന്നുവീണ് 176 യാത്രക്കാർ മരിച്ചത്. എന്നാൽ വിമാനം ഇറാൻ വെടിവെച്ചിട്ടതാണെന്ന് കാനഡയും യുഎസും അടക്കമുള്ള രാജ്യങ്ങൾ സംശയം പ്രകടിപ്പിച്ചിരുന്നു. വിമാനത്തിന്റെ തകർച്ചയ്ക്ക് കാരണമെന്തെന്ന് അറിയാൻ ബ്ലാക്ക് ബോക്സിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യമുയരുകയും ചെയ്തെങ്കിലും യുഎസിന് അത് കൈമാറില്ലെന്ന് ഇറാൻ തറപ്പിച്ച് പറഞ്ഞിരുന്നു. വിമാനം അപകടത്തിൽ പെട്ടതിന്റെ കാരണങ്ങൾ ലോകത്തിന് മുന്നിൽ നിന്നും മറച്ചുവെക്കാനാണ് ഇറാൻ ശ്രമിച്ചിരുന്നത്.
ഇതിനുപിന്നാലെയാണ് വിമാനം തകർക്കുന്ന വീഡിയോ പുറത്തെത്തിയത്. ഇതോടെ യുക്രൈൻ വിമാനം തകർന്നത് തങ്ങളുടെ മിസൈലേറ്റാണെന്ന് ഇറാൻ കുറ്റസമ്മതം നടത്തുകയായിരുന്നു. സൈനികർക്ക് സംഭവിച്ച അബദ്ധമാണ് ഇതിനുകാരണമായതെന്നും ഇറാൻ വ്യക്തമായിരുന്നു. വിമാനം തകർത്ത സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ അന്വേഷണത്തിനായി പ്രത്യേക കോടതി സ്ഥാപിക്കാൻ ഇറാൻ പ്രസിഡന്റ് നിർദേശം നൽകി. സംഭവത്തിന് ഉത്തരവാദികളായ സൈനികരെ അറസ്റ്റ് ചെയ്തതായും ഇറാൻ അറിയിച്ചിരുന്നു.
Discussion about this post