തെഹ്റാന്: കാപട്യവും നുണകളും അനീതിയും വ്യാജസ്തുതികളും നിറഞ്ഞ അന്തരീക്ഷത്തില്‍ തുടരാനാവില്ലെന്ന് വ്യക്തമാക്കി സ്പോര്‍ട്സ് താരം ഇറാന് വിട്ടു. ഇറാനു വേണ്ടി ഒളിമ്പിക് മെഡല്‍ നേടിയ ഏക വനിതയായ കിമിയ അലിസാദേഹാണ് രാജ്യംവിട്ടത്. ഹോളണ്ടിലേക്കാണ് അവര്‍ പോയതെന്നാണ് വിവരം.
നുണകളും കാപട്യവും അനീതിയും വ്യാജസ്തുതികളും നിറഞ്ഞ അന്തരീക്ഷത്തില്‍ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്ന് അവര്‍ സാമൂഹികമാധ്യമത്തിലൂടെയാണ് അറിയിച്ചത്. ഇറാന്റെ മിസൈല്‍ അബദ്ധത്തില്‍ യുക്രൈന് വിമാനം തകര്‍ത്തതിനെത്തുടര്‍ന്ന് രാജ്യമാകെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അലിസാദേഹിന്റെ പലായനം.
തന്റെ വിജയം രാഷ്ട്രീയനേട്ടത്തിനായി അധികൃതര്‍ ഉപയോഗിക്കുകയായിരുന്നെന്ന് അവര്‍ ആരോപിച്ചു. ”ഇറാനില്‍ അടിച്ചമര്‍ത്തപ്പെടുന്ന ലക്ഷക്കണക്കിന് സ്ത്രീകളില്‍ ഒരാളാണ് ഞാന്‍. അവര്‍ ഏതു വസ്ത്രം ധരിക്കാന്‍ പറയുന്നോ അത് ഞാന്‍ ധരിക്കുന്നു. അവര്‍ പറഞ്ഞുതരുന്നത് ആവര്‍ത്തിക്കുക മാത്രം ചെയ്യുന്നു. സ്വന്തമായി അഭിപ്രായം പറയാന്‍പോലും പറ്റില്ല. ഞങ്ങള്‍ വെറും ഉപകരണങ്ങള്‍ മാത്രമാണെ”ന്ന് അലിസാദേഹ് വ്യക്തമാക്കി.
തനിക്ക് യൂറോപ്പില്‍ നിന്ന് ക്ഷണമൊന്നും കിട്ടിയിട്ടില്ലെന്ന് പറഞ്ഞ അലിസാദേഹ് ഇപ്പോള്‍ ഏതുരാജ്യത്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല. 2016 റിയോ ഒളിമ്പിക്സില്‍ തയ്ക്കോണ്ടോയിലാണ് അലിസാദേഹ് വെങ്കലമെഡല്‍ നേടിയത്. പ്രതിഷേധം കനത്തിരിക്കുന്ന സാഹചര്യത്തില്‍ അലിസാദേഹ് രാജ്യം വിട്ടത് ഹസന് റൂഹാനി ഭരണകൂടത്തിന് തിരിച്ചടിയായി.
Discussion about this post