ലണ്ടന്‍: അന്താരാഷ്ട്ര മാധ്യമമായ ബിബിസിക്കെതിരെ തുല്യ വേതനം ആവശ്യപ്പെട്ട് പരാതി നല്‍കിയ അവതാരക സമീറ അഹമ്മദിന് അനുകൂല വിധിയുമായി കോടതി. ലിംഗ സമത്വം സമീറയ്ക്ക് നിഷേധിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ട്രൈബ്യൂണലിന്റെ അനുകൂല വിധി.
ബിബിസിയിലെ വാര്‍ത്താധിഷ്ഠിത പരിപാടിയായ പോയിന്റ് ഓഫ് വ്യൂവിന്റെ അവതാരകനായ ജെറമി വൈനിന് നല്‍കുന്ന പ്രതിഫലം തനിക്ക് നല്‍കുന്നതിന്റെ ആറിരട്ടിയാണെന്ന് കണ്ടെത്തിയതോടെയായിരുന്നു സമീറ ബിബിസിക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയത്.
ന്യൂസ് വാച്ച് എന്ന പരിപാടിയുടെ അവതാരകയായ സമീറയ്ക്ക് നല്‍കിയിരുന്നത് 40000 രൂപയും പോയന്റ്‌സ് ഓഫ് വ്യൂ അവതാരകനായ ജെറമിക്ക് നല്‍കുന്നത് 200000 രൂപയും ആയിരുന്നു. 2012ല്‍ അവതാരകരുടെ പ്രതിഫലം വെളിപ്പെടുത്തി ബിബിസി കണക്കുകള്‍ പുറത്തുവിട്ടിരുന്നു. ഇതോടെയാണ് തനിക്ക് നേരിട്ടിരുന്ന വിവേചനം സമീറ തിരിച്ചറിഞ്ഞത്. സ്ത്രീയെന്ന നിലയില്‍ തന്നോട് വിവേചനം കാണിച്ച ബിബിസി ആറു കോടി രൂപയോളം നഷ്ടം വരുത്തിയെന്നായിരുന്നു സമീറയുടെ പരാതി.
ജെറമിയുടെ താരമൂല്യവും ജോലി പരിചയവുമാണ് കൂടുതല്‍ വേതനം നല്‍കാന്‍ കാരണമെന്ന ബിബിസിയുടെ വാദം ട്രൈബ്യൂണല്‍ നിഷേധിച്ചു. സമീറയ്ക്ക് ഉള്ളതിനേക്കാള്‍ ഏത് കഴിവാണ് ജെറമിക്ക് കൂടുതലുള്ളതെന്ന് തെളിയിക്കാന്‍ ബിബിസിക്ക് സാധിച്ചില്ല. ഇതോടെ കോടതി സമീറയ്ക്ക് അനുകൂല വിധി പുറപ്പെടുവിക്കുകയായിരുന്നു.
Discussion about this post