ടെഹ്റാൻ: ഇറാനിലെ ജനകീയ പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തെ പ്രക്ഷോഭങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞദിവസം യുക്രൈൻ വിമാനം തകർന്ന് വീണ് 176 പേർ മരിച്ചത് ഇറാൻ സൈന്യത്തിന്റെ മിസൈൽ പതിച്ചാണെന്ന ഇറാന്റെ തന്നെ വെളിപ്പെടുത്തലിനെ തുടർന്നാണ് രാജ്യത്ത് പ്രതിഷേധം ശക്തമായത്. വിദ്യാർത്ഥികളടക്കം നിരവധിപേരാണ് ഉത്തരവാദികളായവർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്.
ഈ സമരത്തിനെതിരെ ശക്തമായ നടപടിയാണ് ഇറാൻ ഭരണകൂടം കൈക്കൊണ്ടിരിക്കുന്നത് എന്നാണ് സൂചന. ഇതിനു പിന്നാലെയാണ് സംഭവത്തിൽ പ്രതികരിച്ച് ട്രംപ് രംഗത്തെത്തിയത്. തന്റെ ഭരണകാലത്തിന്റെ തുടക്കംമുതൽ ഇറാനിലെ ധൈര്യശാലികളായ പീഡനമനുഭവിക്കുന്ന ജനതയ്ക്കൊപ്പമായിരുന്നു താനെന്നും, ഇനിയും തന്റെ ഭരണകൂടം അവർക്കൊപ്പം നിൽക്കുമെന്നും പ്രതിഷേധക്കാരുടെ ധൈര്യം തങ്ങൾക്ക് പ്രചോദനമായെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
നിലവിലെ സാഹചര്യത്തിൽ അവിടെനിന്ന് റിപ്പോർട്ടുകൾ തയ്യാറാക്കാനും നിരീക്ഷണം നടത്താനും മനുഷ്യാവകാശ പ്രവർത്തകരെ അനുവദിക്കണമെന്നും ഇറാൻ ഭരണകൂടത്തോട് ട്രംപ് ആവശ്യപ്പെട്ടു. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൂട്ടക്കൊല ചെയ്യാനാകില്ലെന്നും ഇന്റർനെറ്റ് നിരോധിക്കാനാകില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ലോകം എല്ലാം കാണുന്നുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം ഇക്കാര്യം ട്വീറ്റ് ചെയ്തത്.
ഇതിനിടെ, ഇറാനിലെ ബ്രിട്ടീഷ് അംബാസഡറായ റോബർട്ട് മക്കെയ്റിനെ ടെഹ്റാനിൽ പോലീസ് അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷം വിട്ടയച്ചു. അമീർ അക്ബർ സർവകലാശാലയിലെ പ്രതിഷേധത്തിൽ പങ്കാളിയായെന്നും പ്രതിഷേധത്തിന് പിന്തുണ നൽകിയെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. ഇറാന്റെ ഈ നടപടിയിൽ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
Discussion about this post