സിഡ്നി: ഓസ്ട്രേലിയയിൽ മാസങ്ങളായി തുടരുന്ന കാട്ടുതീ കവർന്നത് ധീരനായ അഗ്നിരക്ഷാ സേനാംഗത്തേയും. ആൻഡ്രൂ ഒ ഡയറിന്റെ ജീവനാണ് കാട്ടു തീ അണച്ച് മടങ്ങുന്നതിനിടെ ഉണ്ടായ അപകടം കവർന്നത്. ആൻഡ്രൂവിനെ പോലൊരു ധീരനായ ഉദ്യോഗസ്ഥന്റെ ജീവത്യാഗത്തിൽ രാജ്യമാകെ കണ്ണീരണിയുകയാണ്. ഇതിനിടെയാണ് ആൻഡ്രൂവിന്റെ അന്ത്യകർമ്മങ്ങൾക്ക് ഇടയിൽ അദ്ദേഹത്തിന്റെ ഹെൽമറ്റും ധീരതയ്ക്കുള്ള മെഡലും ഏറ്റുവാങ്ങി കുഞ്ഞുമകൾ ഷാർലറ്റ് കൂടി നിന്നവർക്കും സേനാംഗങ്ങൾക്കും വറ്റാത്ത കണ്ണീർ സമ്മാനിച്ചത്.
ഹോസ് ലി പാർക്കിലെ ഔർ ലേഡി ഓഫ് വിക്ടറീസ് ചർച്ചിൽ നടന്ന ചടങ്ങിൽ അവസാനമായി യാത്ര പറയുമ്പോൾ വെള്ള വസ്ത്രങ്ങളണിഞ്ഞ ഷാർലറ്റ് ആൻഡ്രൂവിന്റെ ഹെൽമറ്റ് തലയിൽ വെച്ചിരുന്നു, അച്ഛന് ധീരതയ്ക്ക് ലഭിച്ച മെഡൽ നെഞ്ചോട് ചേർത്തണിയുകയും ചെയ്തിരുന്നു. അന്ത്യകർമ്മങ്ങൾ തുടരുമ്പോൾ എല്ലാവരോടും കളിച്ചും ചിരിച്ചും ചിപ്സ് കൊറിച്ചും അവൾ പാറി പറന്നു നടക്കുകയായിരുന്നു. തനിക്ക് നഷ്ടമായതെന്താണെന്ന് മനസിലാക്കാനുള്ള പ്രായം ആ ഒന്നരവയസുകാരിക്ക് ഇല്ലല്ലോ. എങ്കിലും അച്ഛന്റെ ഹെൽമറ്റ് തലയിൽ നിന്ന് മാറ്റാൻ അവളൊരുക്കമായിരുന്നില്ല. ചടങ്ങിൽ ഷാർലറ്റിനൊപ്പം അമ്മ മെലിസയും ബന്ധുക്കളും ഉണ്ടായിരുന്നു. പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ന്യൂ സൗത്ത് വെയ്ൽസ് പ്രീമിയർ ഗ്ലാഡിസ് ബെറജിക് ലിയാൻ, നൂറിലധികം അഗ്നിരക്ഷാപ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ആൻഡ്രൂ ഒരു ഹീറോയാണ് എന്ന് ആർഎഫ്എസ് കമ്മീഷണർ ഷെയ്ൻ ഫിറ്റ് സൈമൻസ് ഷാർലറ്റിന് അച്ഛന്റെ മെഡൽ സമ്മാനിക്കവെ പതിയെ മന്ത്രിച്ചു. നിസ്വാർഥനും വ്യത്യസ്തനുമായ ഒരു വ്യക്തിയായിരുന്നു ആൻഡ്രൂവെന്നും ഒരു ഹീറോയായതു കൊണ്ടാണ് അച്ഛൻ മരിക്കാനിടയായതെന്നും ഷാർലറ്റ് മനസിലാക്കണമെന്നുള്ള ആഗ്രഹമേ തനിക്കുള്ളൂവെന്നും കമ്മീഷണർ പറഞ്ഞു.
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ അഗ്നിരക്ഷാസേനാംഗമായ ആൻഡ്രൂ കൃത്യനിർവഹണത്തിനിടയിലാണ് മരിച്ചത്. അഗ്നിബാധ കെടുത്താൻ ശ്രമിച്ച് മടങ്ങുന്നതിനിടെ ആൻഡ്രൂ ഉൾപ്പെടെയുള്ള അഗ്നിരക്ഷാസേനാംഗങ്ങൾ സഞ്ചരിച്ച വാഹനത്തിന് മുകളിലേക്ക് കത്തിയമർന്ന മരം വീണ് അപകടമുണ്ടാവുകയായിരുന്നു. ഈ അപകടത്തിൽ ആൻഡ്രൂവും സുഹൃത്തും സഹപ്രവർത്തകനുമായ ജെഫ്രി കീറ്റണും മരിച്ചു. റൂറൽ ഫയർ സർവീസാണ് ആൻഡ്രൂവിന് മരണാനന്തര ബഹുമതിയായി ധീരതയ്ക്കുള്ള മെഡൽ സമ്മാനിച്ചത്.
ഓസ്ട്രേലിയയിൽ 2019 സെപ്റ്റംബറിൽ ആരംഭിച്ച കാട്ടുതീ 2020 ആരംഭിച്ചിട്ടും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. പതിനൊന്ന് ഏക്കറോളം കത്തിനശിച്ച ന്യൂ സൗത്ത് വെയ്ൽസിലും വിക്ടോറിയയിലും ഇരുപത്തിയഞ്ചോളം പേരാണ് ഇതിനോടകം മരിച്ചു. 50 ലക്ഷത്തോളം വന്യജീവികൾക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് കണക്കുകൾ.
Discussion about this post