തെഹ്‌റാന്‍: ആളിക്കത്തുന്ന സംഘര്‍ഷാവസ്ഥയ്ക്കിടെ സമാധാന ചര്‍ച്ചക്കുള്ള ട്രംപിന്റെ അഭ്യര്‍ത്ഥന തള്ളി ഇറാന്‍. അമേരിക്കയുടെ ഉപരോധ നടപടികള്‍ പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന് യുഎന്നിലെ ഇറാന്‍ അംബാസഡര്‍ മജീദ് തഖ്ത് റവഞ്ചി വ്യക്തമാക്കി. സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ച അമേരിക്കയ്ക്ക് തക്കതായ മറുപടി നല്‍കുമെന്നും നേരത്തെ ഇറാന്‍ അറിയിച്ചിരുന്നു.
അമേരിക്ക കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ അതിനുള്ള തക്ക മറുപടിയും നേരിടേണ്ടി വരുമെന്നായിരുന്നു ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി പറഞ്ഞത്. ഗള്‍ഫ് മേഖലയില്‍ അധികനാള്‍ വാഴാന്‍ അമേരിക്കയെ വിടില്ലെന്നും പശ്ചിമേഷ്യയിലെ അമേരിക്കയുടെ കാലു തന്നെ ഞങ്ങള്‍ ഛേദിക്കുമെന്നും റൂഹാനി മുന്നറിയിപ്പിന്റെ സ്വരത്തില്‍ പറഞ്ഞു.
ആളപായം ഒഴിവാക്കുന്നതിന്റെ ഭാഗമായിരുന്നു സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ യുഎസിനെ മുന്‍കൂട്ടി അറിയിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഇറാനെതിരെ തുടരാക്രമണം ഉണ്ടാകില്ലെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ എണ്ണ വില കുറഞ്ഞിരുന്നു. ക്രൂഡ് ഓയില്‍ ഇന്നലെ ബാരലിന് 70ല്‍ നിന്നും ഇടിഞ്ഞ് 65 ഡോളറിലേക്ക് എത്തി. അതോടൊപ്പം സ്വര്‍ണ വിലയും കുറഞ്ഞിരുന്നു.
Discussion about this post