ഇറാനെ ചൊടിപ്പിച്ചത് ട്രംപിന്റെ വാക്കുകള്‍?; തുടരെ തുടരെ തിരിച്ചടി; സമാധാനം വേണമെന്ന് ട്രംപ് പറയുമ്പോഴും അമേരിക്ക വലിയൊരു യുദ്ധത്തിനായുള്ള തയ്യാറെടുപ്പിലോ?

തെഹ്‌റാന്‍: ബാഗ്ദാദിലെ അമേരിക്കന്‍ എംബസിയുടെ സമീപം ഇറാന്‍ വീണ്ടും റോക്കറ്റ് ആക്രമണം നടത്തിയത് അമേരിക്കയോടുള്ള പ്രതികാരത്തിന്റെ ഭാഗമായി തന്നെയാണെന്ന് വിലയിരുത്തല്‍. ഇനിയൊരു ആക്രമണത്തിന് ഇറാനെ സമ്മതിക്കില്ലെന്നും സൈനികപരമായും സാമ്പത്തികമായുമുള്ള കരുത്താണ് അമേരിക്കയുടെ ഏറ്റവും വലിയ ആയുധമെന്നോര്‍ക്കണമെന്നുമുള്ള ട്രംപിന്റെ വാക്കുകളാണ് ഇറാനെ ചൊടിപ്പിച്ചത്.

സമാധാനം ആഗ്രഹിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞെങ്കിലും അത് തങ്ങളെ കളിയാക്കലായിരുന്നുവെന്നാണ് ഇറാന്റെ നിലപാട്. ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയുടെ കൊലപാതകം ഭീകരര്‍ക്കുള്ള സന്ദേശമാണ്. അണവായുധ നിര്‍മ്മാണം നിര്‍ത്തണണെന്നും ഇറാന്‍ ഭീകരവാദത്തെ സഹായിക്കുന്നത് അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.

ഇറാന്‍ ഇപ്പോഴുള്ള നിലപാട് മാറ്റുന്നതു വരെ ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇനിയൊരു യുദ്ധത്തിന് ഇല്ലെന്ന് പറഞ്ഞ് ഇറാന്‍ പിന്മാറുമെങ്കില്‍ അമേരിക്കയും സമാധാനം നിലനിര്‍ത്തുമെന്ന സന്ദേശമാണ് ലോകത്തിന് ട്രംപ് നല്‍കിയത്. എന്നാല്‍ പിന്നോട്ടില്ലെന്ന നിലപാടില്‍ തന്നെയായിരുന്നു ഇറാന്‍. അതിനുള്ള സുചന തന്നെയായിരുന്നു ഇന്നലെ ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് സമീപമുള്ള റോക്കറ്റ് ആക്രമണം.

ഇറാനിലെ ജനപ്രീതിയുള്ള രണ്ടാമത്തെ നേതാവിനെ വെറും തീവ്രവാദികളായി ചൂണ്ടിക്കാട്ടുകയായിരുന്നു ട്രംപ് എന്നാണ് ഇറാന്റെ നിലപാട്. അതിനാല്‍ പശ്ചിമേഷ്യയില്‍ നിന്ന് അമേരിക്കയെ തുരുത്തും വരെ പോരാട്ടം തുടരാനാണ് ഇറാന്റെ തീരുമാനം. ഇത് വീണ്ടും യുദ്ധത്തിലേക്ക് കാര്യങ്ങളെത്തിക്കുമെന്നാണ് വിലയിരുത്തുന്നത്.

ലോകത്തെ ഏറ്റവും ദുഷ്ട ശക്തികളായ അമേരിക്കയുടെ ദുഷ് പ്രവര്‍ത്തികള്‍ക്കു വേദനാജനകമായ മറുപടി നല്‍കും. യുഎസ് താവളങ്ങള്‍ക്കു നേരെയുള്ള ആക്രമണം യുഎസിനെതിരെ നേടിയ വലിയ വിജയമാണെന്നും ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് കോര്‍ പറഞ്ഞു. ഇനിയും മുന്നോട്ട് പോകുമെന്നും യുഎസ് ഭീകര സൈന്യത്തിന് താവളങ്ങള്‍ നല്‍കുന്ന രാജ്യങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ ആക്രമണം നടത്തേണ്ടി വരുമെന്ന മുന്നറിയിപ്പും പ്രസ്താവനയിലുണ്ട്.

പശ്ചിമേഷ്യയില്‍ തമ്പടിച്ചിരിക്കുന്ന സൈന്യത്തെ തിരിച്ചു വിളിക്കാന്‍ യുഎസിലെ ജനങ്ങള്‍ നിര്‍ദ്ദേശിക്കണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നു. അതേസമയം സമാധാനം ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞെങ്കിലും ഓരോ തവണയും ഇറാന്‍ പ്രതികാരം ചെയ്യുമ്പോഴും നഷ്ടം വലുതായിക്കൊണ്ടിരിക്കുന്നത് അദ്ദേഹം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

അമേരിക്കയെ ഇറാന്റെ നടപടി മോശമായി ബാധിച്ചുകൊണ്ടിരിക്കുന്നത് അദ്ദേഹം സമാധാനത്തോടെ അധികനാള്‍ നോക്കിക്കാണില്ലെന്നും അമേരിക്കയുടെ ഭാഗത്തു നിന്നും തിരിച്ചടി ഉടനടി ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലും സജീവമാണ്. ഇത് വലിയൊരു യുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചിഴക്കാനാണ് സാധ്യത.

Exit mobile version