ബാഗ്ദാദ്: ഇറാഖില്‍ വീണ്ടും ഇറാന്റെ റോക്കറ്റ് ആക്രമണം. ബാഗ്ദാദിലെ അമേരിക്കന്‍ എംബസിയുടെ സമീപമാണ് റോക്കറ്റ് പതിച്ചത് എന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് എംബസിയുടെ നൂറ് മീറ്റര്‍ ദൂരത്തായാണ് റോക്കറ്റ് പതിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീഷണിയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴാണ് ഇറാന്റെ റോക്കറ്റ് ആക്രമണം. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയിലാണ് ബാഗ്ദാദിലെ അതീവ സുരക്ഷാമേഖലയായ എംബസി മേഖലയില്‍ റോക്കറ്റ് ആക്രമണം ഉണ്ടായത്. തുടര്‍ച്ചയായി രണ്ട് വലിയ സ്‌ഫോടനശബ്ദങ്ങള്‍ ഈ മേഖലയില്‍ നിന്ന് കേട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
‘രണ്ട് കത്യുഷ റോക്കറ്റുകള്‍ ബാഗ്ദാദിലെ ഗ്രീന്‍ സോണില്‍ പതിച്ചിട്ടുണ്ട്. ആളപായമുള്ളതായി വിവരം കിട്ടിയിട്ടില്ല’ എന്ന് ഇറാഖിലെ സഖ്യസേനാ കമാന്‍ഡര്‍മാര്‍ വ്യക്തമാക്കിയെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാഖില്‍ അമേരിക്കന്‍ സൈന്യവും സഖ്യസൈന്യവും തമ്പടിച്ചിരുന്ന അല്‍ അസദ്, ഇര്‍ബില്‍ എന്നീ സൈനിക വിമാനത്താവളങ്ങളില്‍ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി ഇരുപത്തിനാല് മണിക്കൂറിനകമാണ് ഇറാന്‍ വീണ്ടും ഇറാഖിലെ അതീവസുരക്ഷാ മേഖലയില്‍ കയറി റോക്കറ്റാക്രമണം നടത്തിയിരിക്കുന്നത്. അതേസമയം സംഭവത്തില്‍ ഇതുവരെ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.
Discussion about this post