സിഡ്‌നി: ഇനിയും അണയാത്ത കാട്ടുതീ രാജ്യത്തെ ഭീതിപ്പെടുത്തുന്നതിനിടെ വെള്ളത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കാൻ തീരുമാനിച്ച് ഓസ്‌ട്രേലിയ. ധാരാളം വെള്ളം കുടിക്കുന്ന പതിനായിരത്തോളം ഒട്ടകങ്ങളെ ഇതിന്റെ ഭാഗമായി കൊന്നൊടുക്കാൻ തീരുമാനിച്ചു. വെടിയുതിർത്താണ് ഒട്ടകങ്ങളെ കൊല്ലുക. കഴിഞ്ഞ വർഷം നവംബർ മുതൽ കാട്ടുതീ പടർന്നുപിടിക്കുന്ന ഓസ്‌ട്രേലിയയിൽ വെള്ളത്തിന്റെ അപര്യാപ്തതയും നേരിടുന്നുണ്ട്.
ഒട്ടകങ്ങളെ കൊല്ലാൻ രാജ്യത്ത് അഞ്ച് ദിവസത്തെ പ്രചാരണ പരിപാടി നടത്തുമെന്നും ബുധനാഴ്ച ആരംഭിക്കുന്ന പ്രചാരണത്തിനായി സർക്കാർ ഹെലികോപ്ടറുകളെ വിട്ടുനൽകുമെന്നും ഓസ്‌ട്രേലിയൻ അധികൃതരെ ഉദ്ധരിച്ച് ‘ദ ഹിൽ’ പത്രം റിപ്പോർട്ട് ചെയ്യുന്നു. വരൾച്ച കൂടുതലായി ബാധിച്ച പ്രദേശങ്ങളിൽ ഹെലിക്കോപ്ടറിലെത്തുന്ന പ്രൊഫഷണൽ ഷൂട്ടർമാർ ഒട്ടകങ്ങളെ വെടിയുതിർത്ത് കൊല്ലുമെന്നാണ് റിപ്പോർട്ട്.
23000ത്തോളം ആദിവാസികൾ താമസിക്കുന്ന ഓസ്‌ട്രേലിയയിലെ എപിവൈ പ്രദേശത്ത് വരൾച്ച രൂക്ഷമാണ്. വാസസ്ഥലങ്ങളിലേക്ക് മൃഗങ്ങൾ കടന്നുകയറി അമിതമായി വെള്ളം ഉപയോഗിക്കുന്നുവെന്ന് കാണിച്ച് നിരവധി പരാതികൾ ഇവിടുത്തെ ജനങ്ങൾ അധികൃതർക്ക് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഓട്ടകങ്ങളെ കൊന്നൊടുക്കാനുള്ള തീരുമാനം അധികൃതർ കൈക്കൊണ്ടത്.
Discussion about this post