അമേരിക്ക ഇനിയും പ്രശ്‌നമുണ്ടാക്കുകയാണെങ്കില്‍ പ്രതികരണം കുറച്ച് കടപ്പമുള്ളതായിരിക്കും; ഇറാന്‍

തെഹ്‌റാന്‍: ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ അമേരിക്കയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി ഇറാന്‍ സൈന്യം. അമേരിക്ക ഇനിയും പ്രശ്‌നമുണ്ടാക്കുകയാണെങ്കില്‍ പ്രതികരണം കുറച്ച് കടപ്പമുള്ളതായിരിക്കുമെന്ന് ഇറാന്‍ സായുധ സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ മുഹമ്മദ് ബാഖിരി വ്യക്തമാക്കി.

‘അമേരിക്ക കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കുകയാണെങ്കില്‍ ഞങ്ങളുടെ പ്രതികരണം കൂടുതല്‍ കടുപ്പമുള്ളതായിരിക്കും.യുനൈറ്റഡ് സ്റ്റേറ്റ്സിന്റെ ചെകുത്താന്‍ ഭരണാധികാരികള്‍ അവരുടെ ഭീകരവാദ സൈന്യത്തെ മേഖലയില്‍ നിന്ന് എത്രയും പെട്ടെന്ന് പിന്‍വലിക്കേണ്ട സമയം ആസന്നമായിരിക്കുന്നു. ‘മേജര്‍ മുഹമ്മദ് ബാഖിരി പറഞ്ഞു.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലേയും രണ്ട് യുഎസ് സൈനിക താവളങ്ങളില്‍ ഇറാന്‍ മിന്നലാക്രമണം നടത്തിയത്. ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ വ്യോമക്രമണത്തിലൂടെ വധിച്ച അമേരിക്കയ്ക്കുള്ള പ്രതികാര നടപടിയായിരുന്നു ഇറാന്റെ മിസൈല്‍ ആക്രമണം.

ഏകദേശം 12ലധികം ബാലസ്റ്റിക് മിസൈലുകള്‍ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്. 80 ഓളം അമേരിക്കന്‍ സൈനികരെ ആക്രമണത്തില്‍ വധിച്ചതായും ഇറാന്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇറാന്റെ അവകാശവാദം തെറ്റാണെന്നും സൈനികര്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും അമേരിക്കയും വ്യക്തമാക്കി.

Exit mobile version