വാഷിങ്ടണ്‍: ഇറാഖിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെയുള്ള ഇറാന്റെ മിസൈലാക്രണത്തിന് പിന്നാലെ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്തെ ഏറ്റവും ശക്തവും സുസജ്ജവുമായ സൈന്യം തങ്ങള്‍ക്കുണ്ടെന്ന്’ ട്രംപ് പറഞ്ഞു. ഇറാന് ഉടന്‍ തിരിച്ചടി നല്‍കുമെന്ന സൂചനയാണ് ട്രംപ് ഇതിലൂടെ നല്‍കിയത്.
ഇറാന്റെ മിസൈലാക്രമണത്തിന് പിന്നാലെ ഇതാദ്യമായാണ് ട്രംപ് പ്രതികരിക്കുന്നത്. ലോക രാഷ്ട്രങ്ങള്‍ ഒന്നടങ്കം ട്രംപിന്റെ പ്രതികരണത്തെ ഉറ്റുനോക്കിക്കൊണ്ടിരിക്കെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘എല്ലാം നല്ലതിനാണ്, ലോകത്തെ ഏറ്റവും ശക്തവും സുസജ്ജവുമായ സൈന്യം ഞങ്ങള്‍ക്കുണ്ടെന്ന്’ ട്രംപ് ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലേയും രണ്ട് യുഎസ് സൈനിക താവളങ്ങളില്‍ ഇറാന് മിന്നലാക്രമണം നടത്തിയത്. ഇറാന് സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ വ്യോമക്രമണത്തിലൂടെ വധിച്ച അമേരിക്കയ്ക്കുള്ള പ്രതികാര നടപടിയായിരുന്നു ഇറാന്റെ മിസൈല്‍ ആക്രമണം. ഏകദേശം 12ലധികം ബാലസ്റ്റിക് മിസൈലുകള്‍ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ എത്രത്തോളം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമല്ല. യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ മരണനാനന്തര ചടങ്ങുകള്‍ നടന്ന് വരുന്നതിനിടെയാണ് ഇറാന്റെ നേരിട്ടുള്ള സൈനിക നടപടി. ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ദേശീയ ചാനലിലൂടെ ഇറാന് പ്രഖ്യാപിച്ചിരുന്നു.
ഇറാന് മിസൈലാക്രമണം നടത്തിയതായി യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. സൈനിക താവളത്തിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തിവരികയാണെന്ന് ട്രംപ് വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസില്‍ തിരക്കിട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പെറും വൈറ്റ് ഹൗസിലെത്തിയിരുന്നു.
Discussion about this post