തെഹ്‌റാന്‍: ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ വ്യോമാക്രമണത്തിലൂടെ വധിച്ച അമേരിക്കയ്‌ക്കെതിരെ കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ തേടാന്‍ ഒരുങ്ങി ഇറാന്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഉള്‍പ്പെടെ വിവിധ നേതാക്കളുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ടെലിഫോണിലൂടെ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട സങ്കീര്‍ണ സാഹചര്യത്തിന് ഉത്തരവാദി അമേരിക്കയാണെന്ന് ഹസന്‍ റൂഹാനി ഇമ്മാനുവല്‍ മാക്രോണിനെ അറിയിച്ചു. ഇരുവരും ദീര്‍ഘനേരം സ്ഥിതിഗതികള്‍ വിലയിരുത്തി. റഷ്യ, ചൈന എന്നീ വന്‍ശക്തി രാജ്യങ്ങളുടെ പിന്തുണയില്‍ വിഷയം യുഎന്‍ രക്ഷാസമിതിയില്‍ ഉന്നയിക്കാനും ഇറാന്‍ തിരക്കിട്ട നീക്കം നടത്തുന്നുണ്ട്.
ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിനെതിരെ ഇറാന്‍ രക്ഷാസമിതിക്ക് നല്‍കിയ പരാതി ആഭ്യന്തരതലത്തിലും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കുരുക്ക് മുറുക്കുകയാണ്. യുഎസ് പ്രതിനിധിസഭയില്‍ ട്രംപിനെ വരുതിയില്‍ നിര്‍ത്താന്‍ യുദ്ധാധികാര പ്രേമയം കൊണ്ടുവരാനാണ് നീക്കം.
സുലൈമാനിയെ വധിച്ച സംഭവത്തില്‍ അമേരിക്കയ്‌ക്കെതിരെ തിരിച്ചടിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് നാറ്റോ നേതൃത്വം ഇറാനോട് ആവശ്യപ്പെട്ടു. അതേസമയം ഇറാന്റെ ഭാഗത്തുനിന്നുള്ള ഡ്രോണ്‍ ആക്രമണം ചെറുക്കാന്‍ പശ്ചിമേഷ്യയിലെ അമേരിക്കയുടെ 19 സൈനിക കേന്ദ്രങ്ങളിലും പ്രതിരോധ നടപടികള്‍ ശക്തമാക്കി.
Discussion about this post