ലണ്ടന്‍: ഇറാന്റെ ഉന്നത സൈനിക കമാന്‍ഡറായ ഖാസിം സുലൈമാനിയെ വധിച്ച നടപടിയില്‍ അമേരിക്കയ്ക്ക് പിന്തുണയുമായി ബ്രിട്ടന്‍ രംഗത്ത്. നിരവധി നിഷ്‌കളങ്കരുടെ കൊലപാതകങ്ങള്‍ക്ക് ഉത്തരവാദിയാണ് സുലൈമാനിയെന്നും, മരണത്തില്‍ അനുശോചിക്കില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, അമേരിക്കന്‍ നടപടിയെ ന്യായീകരിച്ച ബ്രീട്ടീഷ് വിദേശകാര്യ സെക്രട്ടറി സുലൈമാനിയെ മേഖലയിലെ പ്രധാന ശല്യമെന്നും വിശേഷിപ്പിച്ചു.
അതേസമയം, ഏത് സാഹചര്യവും നേരിടാന്‍ സജ്ജരാവാന്‍ മേഖലയിലെ ബ്രിട്ടീഷ് സൈന്യത്തിന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിര്‍ദേശം നല്‍കി. നിലവില്‍ 400 ബ്രിട്ടീഷ് സൈനികരാണ് ഇറാഖില്‍ ക്യാംപ് ചെയ്യുന്നത്. സുലൈമാനി വധത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ പരിഗണിച്ച് ഗള്‍ഫ് തീരത്ത് രണ്ട് ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ തങ്ങുന്നുണ്ട്.
ഇറാഖില്‍ നിന്ന് അവശ്യ സേവനരംഗത്തുള്ളവര്‍ ഒഴികെയുള്ള പൗരന്മാരെ ബ്രിട്ടണ്‍ മാറ്റിയിട്ടുണ്ട്. ബ്രീട്ടീഷ് പൗരന്മാരുടെയും മേഖലയുടേയും സുരക്ഷയ്ക്കായി ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായി നില്‍ക്കണമെന്നാണ് ഗള്‍ഫ് മേഖലയിലെ ബ്രീട്ടിഷ് കപ്പലുകള്‍ക്കും മിലിറ്ററി ഹെലികോപ്റ്ററുകള്‍ക്കും പ്രധാനമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. തെഹ്‌റാനിലെ ബ്രിട്ടീഷ് സ്ഥാനപതിയെ ഇറാന്‍ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് സൈന്യത്തിന് ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചത്.
Discussion about this post