ടെഹ്‌റാൻ: ബാഗ്ദാദിൽ വെച്ച് അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ കമാൻഡർ ഖാസിം സുലൈമാനിയുടെ മൃതദേഹം ഇന്ന് ഖബറടക്കില്ല. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കിടെയുണ്ടായ ദുരന്തത്തിൽ 50ഓളം പേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. വിലാപയാത്രക്കിടെ തിക്കിലും തിരക്കിലും പെട്ട് 212 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വിലാപയാത്രയിലെ ജനത്തിരക്ക് പരിഗണിച്ചാണ് സംസ്‌കാരം മാറ്റിയതെന്ന് ഇറാൻ മാധ്യമങ്ങളും സ്ഥിരീകരിച്ചു.
ാസിം സുലൈമാനിയുടെ മൃതദേഹം ജന്മനാടായ കിർമാനിലേക്ക് എത്തിച്ചപ്പോൾ പതിനായിരങ്ങളാണ് അന്തിമോപചാരം അർപ്പിക്കാനായി എത്തിയത്. ഇതിനിടെയായിരുന്നു ദുരന്തമുണ്ടായത്. പ്രാദേശിക ടെലിവിഷൻ ചാനലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇന്നായിരുന്നു സുലൈമാനിയുടെ ഖബറടക്കം നടക്കേണ്ടിയിരുന്നു. ഇറാനിലെ രണ്ടാമത്തെ പ്രമുഖ ആത്മീയ നേതാവ് കൂടിയായിരുന്നു സുലൈമാനി.
ഇതിനിടെ, ഇറാഖിൽ നിന്ന് അമേരിക്ക സൈന്യത്തെ പിൻവലിക്കുമെന്ന വാർത്തകൾ പ്രതിരോധ മന്ത്രാലയം തള്ളി. സൈന്യത്തെ പിൻവലിക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് കാണിച്ച് ഇറാഖിലെ അമേരിക്കൻ സൈനിക മേധാവി കത്ത് നൽകിയെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത്തരം ഒരു തീരുമാനത്തെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ പറഞ്ഞു.